കൊച്ചി: ആക്രമിച്ച് കവർച്ച നടത്തിയയാളിൽനിന്ന് രക്ഷപ്പെടാൻ യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്ന് പ്രാണരക്ഷാർഥം ചാടിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതം. മുളന്തുരുത്തി കാരിക്കോട് കാര്‍ത്യായനി ഭവനില്‍ രാഹുൽ സദാനന്ദെൻറ ഭാര്യ ആശ മുരളീധരനാണ്(32) പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
പ്രാഥമിക അന്വേഷണത്തിൽ സ്ഥിരമായി ട്രെയിനിൽ കവർച്ച നടത്തുന്ന നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഒരുപാട് ദൂരേക്ക് കടന്നുകളയാൻ സാധ്യതയില്ലെന്നും ഉടൻ പിടിയിലാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നാട്ടിലും പ്രതിക്കായി വലവിരിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ട് ചോദ്യം ചെയ്തുവരുകയാണ് ഉദ്യോഗസ്ഥർ. പ്രതിയുടെ ചിത്രം സഹിതമുള്ള അറിയിപ്പ് റെയിൽേവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. ഇയാളുടെ ഒരു കണ്ണ് ഭാഗികമായി കേടായതിനാൽ പൂർണമായി തുറക്കാൻ കഴിയാത്ത നിലയിലാണെന്നതാണ് അവർ നൽകുന്ന പ്രധാന അടയാളം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയിൽേവ പൊലീസിനെ അറിയിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇതിനിടെ, യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡും കണ്ടുകിട്ടി. ഫോൺ മുളന്തുരുത്തിക്ക് സമീപത്തുനിന്നും തിരിച്ചറിയൽ കാർഡ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് കിട്ടിയത്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആശയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ ന്യൂറോ ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിനും തലക്കും നട്ടെല്ലിനുമുണ്ടായ ക്ഷതം കാരണം ശക്തമായ വേദനയുണ്ടെന്ന് ഭർത്താവ് രാഹുൽ സദാനന്ദൻ പറഞ്ഞു. പൊലീസ് വീണ്ടും ആശുപത്രിയിലെത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുകയും കേസ് അന്വേഷണ വിശദാംശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രതി ബാബുക്കുട്ടെൻറ ചിത്രം ഒരിക്കൽകൂടി ആശയെ കാണിച്ച് സ്ഥിരീകരിച്ചു.
ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസിലാണ് ആശ ജോലി ചെയ്യുന്നത്. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ ബുധനാഴ്ച മുളന്തുരുത്തിയിൽനിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രെയിനിൽവെച്ച് പ്രതി ആശയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് പുറത്തേക്ക് എറിഞ്ഞശേഷം വള ഊരിയെടുക്കുകയും മാല പൊട്ടിക്കുകയും ചെയ്തത്. തുടർന്ന് ദേഹോപദ്രവം ഏൽപിക്കുന്നതിനിടെ രക്ഷപ്പെടാനാണ് ആശ കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകള്‍ക്കിടയിലെ ഒലിപ്പുറത്തുവെച്ച് ട്രെയിൻ വേഗം കുറച്ചപ്പോൾ ചാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.