കൊല്ലപ്പെട്ട ശാന്ത, ഒളിവിൽ പോയ രാജേഷ്

ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് നിഗമനം, പ്രതിയെന്ന് സംശയിക്കുന്ന അടിമാലി സ്വദേശി ഒളിവിൽ

കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്ത (61) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷ് എന്നയാൾക്കായി അന്വേഷണം ആരംഭിച്ചു.

അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്‍റെ പിന്നിലാണ് വീട്. പെരുമ്പാവൂര്‍ സ്വദേശി ഫാ. മാത്യൂസ് കണ്ടോത്തറക്കലിന്‍റേതാണ് ഹോട്ടലും വീടും. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് വീടിന്റെ അടുക്കള ഭാഗത്തെ വർക്കേരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു.

രണ്ട് ദിവസം മുൻപ് വീട്ടിൽ മോഷണശ്രമം നടന്നതായി ഊന്നുകൽ സ്റ്റേഷനിൽ ഫാദർ പരാതി നൽകിയിരുന്നു. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരിന്നു. വീടിന്‍റെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർത്ത നിലയിലാണ്. മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തിൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലാണ്. ഇന്‍ക്വസ്റ്റിന് ശേഷം വെള്ളിയാഴ്ച രാത്രി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

റൂറല്‍ എസ്.പി ഹേമലതയും സ്ഥലത്തെത്തി തെളിവ് ശേഖരണത്തിനായി വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡുമെത്തിയിരുന്നു. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീടിന്‍റെ വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നു. അന്വേഷണത്തിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പിയും പെരുമ്പാവൂര്‍ എ.എസ്.പിയും ഉള്‍പ്പെട്ട പ്രത്യേക അന്വേക്ഷണസംഘത്തെ നിയോഗിച്ചു. ഈ വീടും പരിസരവും കൃത്യമായി അറിയുന്നവരാകും കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ഇതിനിടെ കുറുപ്പംപടി വേങ്ങൂരിൽ നിന്ന് കാണാതായ സ്ത്രീയെ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ എത്തിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. 18ാം തീയതി മുതലാണ് ഇവരെ കാണാതായത്.

Tags:    
News Summary - Woman's body found in garbage tank of uninhabited house in Kothamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.