പ്രതീകാത്മക ചിത്രം

നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച്​ കടന്ന യുവതി പിടിയിൽ

പത്തനംതിട്ട: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലി ചെയ്‌തു വന്ന യുവതിയുടെ പ്രസവ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. യുവതിയെ ഉടൻ തന്നെ കോഴിക്കോട് എത്തിക്കും. ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകും എന്ന ഭയമാണ് കുഞ്ഞിനെ കൈമാറാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. വയനാട് സ്വദേശിനി എന്ന വിലാസം ആണ് ആശുപത്രിയിൽ നൽകിയത്.

തുടർന്ന് 12 ന് ഇവർ ആശുപത്രിയിൽ നിന്ന് പോയി. പിന്നീട് കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവതി, കുഞ്ഞിനെ അൽപനേരത്തേക്ക് നോക്കാൻ ആവശ്യപ്പെട്ട് ഒരു സ്ത്രീയുടെ പക്കൽ ഏൽപിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഏറെ സമയമായിട്ടും യുവതി തിരിച്ചുവരാതായതോടെ സ്ത്രീ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

മെഡിക്കൽ കോളജ് പൊലീസിന്‍റെ അന്വേഷണത്തിലാണ് സീതത്തോട് സ്വദേശിയെന്ന് വ്യക്തമായത്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിക്ക് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സ്റ്റേഷനിൽ പരാതി നൽകിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മ എന്ന് വ്യക്തമായി.

പ്രസവ സമയത്തും യുവതിക്ക് കൂട്ടിരിപ്പുകാരിയായി ഈ സ്ത്രീയാണ് നിന്നതെന്നും കണ്ടെത്തി. സീതത്തോട് എത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കുഞ്ഞിന്റെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവതി മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ്. നവജാത ശിശുവിനെ വനിതാ പൊലീസിന്റെ പ്രത്യേക സുരക്ഷയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കി. 

Tags:    
News Summary - oman who abandoned newborn at Kozhikode Medical College arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.