കോഴിക്കോട്: ബസിൽ യാത്ര ചെയ്യവെ കഴിച്ച് ബാക്കിയായ വടയാണെന്ന ധാരണയിൽ സ്ത്രീ പുറത്തേക്ക് വലിച്ചെറിഞ്ഞത് സ്വർണാഭരണം. വടയും സ്വർണാഭരണവും കൈയിൽ വെച്ചായിരുന്നു യാത്ര. പാതി കഴിച്ച വടയാണെന്ന ധാരണയിൽ പുറത്തേക്കെറിഞ്ഞതാവട്ടെ 12 പവൻ തൂക്കമുള്ള സ്വർണാഭരണം. സുൽത്താൻ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടിൽ ഖൗലത്തിനാണ് അബദ്ധം പറ്റിയത്.
ബാങ്കിൽ പണയം വെച്ച സ്വർണം എടുത്ത് വരികയായിരുന്നു. കോട്ടയത്തു നിന്നുള്ള ബസ് രാത്രി ഒമ്പത് മണിയോടെ രാമനാട്ടുകര എത്തിയപ്പോഴായിരുന്നു സംഭവം. അധികം വൈകാതെ അമളി മനസ്സിലായ ഖൗലത്ത് ഉറക്കെ നിലവിളിച്ചു. തുടർന്ന് ബസ് നിർത്തി ഖൗലത്തും മറ്റൊരു യാത്രക്കാരനും പുറത്തിറങ്ങി തിരച്ചിൽ ആരംഭിച്ചു. ഇരുവരും തിരയുന്നത് കണ്ട ഓട്ടോ ൈഡ്രവർ കള്ളിത്തൊടി കണ്ണംപറമ്പ് ജാസിറും തിരയാൻ ഒപ്പം കൂടി.
ഏറെ നേരം തിരഞ്ഞിട്ടും ആഭരണം കണ്ടെത്താനാവാതിരുന്നതോടെ ഫറോഖ് പൊലീസിൻെറ സഹായം തേടി. തുടർന്ന് പൊലീസും തിരയാൻ കൂടി. ഒടുവിൽ പൂവന്നൂർ പള്ളിക്ക് സമീപമുള്ള ഡിവൈഡറിനരികിൽവെച്ച് ഓട്ടോ ഡ്രൈവർ ജാസിറിന് ആഭരണം ലഭിച്ചു. പൊലീസിൻെറ സാന്നിധ്യത്തിൽ സ്വർണാഭരണം ഖൗലത്ത് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.