പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി, യുവാവിന്‍റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ

കോതമംഗലം: യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതിരപ്പള്ളി അന്‍സില്‍ (38) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.

പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് എന്തോ കലക്കി തന്നിരുന്നതായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടർന്ന് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 12.20 വരെ അന്‍സില്‍ മൂവാറ്റുപുഴക്കടുത്തുള്ള പേഴക്കാപ്പള്ളിയിലുണ്ടായിരുന്നു. പിന്നീടാണ് മാലിപ്പാറയിലുള്ള പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വിഷം ഉള്ളിൽ ചെന്നത്. ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വ്യാഴാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.

അന്‍സിലിന്റെ ബന്ധു കൂടിയാണ് പെണ്‍സുഹൃത്ത്. ഇവരുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുകയും പരിഹിക്കപ്പെടുകയും പതിവായിരുന്നു. എന്നാൽ അടുത്തിടെ അൻസിൽ മൂലം പെൺസുഹൃത്തിന് ഗുരുതരമായ പ്രശ്നം ഉണ്ടായിരുന്നതായും ഇതാണ് പകയിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനാണ്. മക്കളുമുണ്ട്. 

Tags:    
News Summary - Woman in custody over death of young man after calling girlfriend to house and giving her poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.