ജയ്മോൻ
പത്തനംതിട്ട: 14 കാരിയായ മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത് കൊടുത്ത യുവതിയും ആൺസുഹൃത്തും പിടിയിൽ. റാന്നി അങ്ങാടിക്കൽ ഉന്നക്കാവ് പള്ളിനടയിൽ ജയ്മോൻ (42), 44കാരിയായ തിരുവനന്തപുരം സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയ്മോൻ.
കഴിഞ്ഞവർഷം സെപ്റ്റംബർ 15ന് പുലർച്ചെ ഒരുമണിക്ക് പത്തനംതിട്ട കോളജ് ജങ്ഷന് സമീപത്തെ ലോഡ്ജ് മുറിയിൽവെച്ചായിരുന്നു കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. രണ്ടാം പ്രതിയുടെ ഒത്താശയോടെയായിരുന്നു പീഡനം. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ഡി. ഷിബുകുമാർ ആണ് അന്വേഷണം ആരംഭിച്ചത്. ചൈൽഡ് വെൽഫയർ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തായത്. തിരുവനന്തപുരം ബാലരാമപുരം പോലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സ്ത്രീ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം കൂടുകയായിരുന്നു.
കേസെടുത്തതതോടെ പെൺകുട്ടിയുടെ അമ്മയും ജയ്മോനും കർണാടകത്തിലേക്ക് മുങ്ങി. പ്രതികളുടെ മൊബൈൽ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മംഗലാപുരം മുൾക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ജയ്മോൻ മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അടിമാലി, വെള്ളത്തൂവൽ, മൂന്നാർ, മണിമല, ബാലരാമപുരം തുടങ്ങിയ പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുകളുള്ളത്. ഇതിൽ മൂന്ന് ബലാത്സംഗകേസുകളും ഒരു മോഷണകേസും പോക്സോ കേസും ഉൾപ്പെടുന്നു. ഒരു ബലാത്സംഗകേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.