പുനരുദ്ധാരണത്തിന് ശേഷം ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഫറോക്ക് പഴയ പാലത്തിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ്
ഫറോക്ക്: ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫറോക്ക് പാലത്തിന്റെ സുരക്ഷാ കവചത്തിൽ തട്ടി രണ്ട് ടൂറിസ്റ്റ് ബസുകളുടെ മുകൾ ഭാഗം തകർന്നു. ശനിയാഴ്ച വൈകീട്ട് തുറന്നുകൊടുത്ത പാലത്തിലെ പുതുതായി സ്ഥാപിച്ച കവചത്തിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് ടൂറിസ്റ്റ് ബസിടിച്ചത്. ബസിന്റെ എയർ കണ്ടീഷനടക്കം മുകൾഭാഗം തകർന്നുവീണു. പാലത്തിന്റെ ചെറുവണ്ണൂർ ഭാഗത്ത് ഏറെനേരം കുടുങ്ങിക്കിടന്ന ബസ് ഒരുവിധത്തിലാണ് പിറകോട്ടെടുത്ത് കൊണ്ടുപോയത്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മറ്റൊരു ടൂറിസ്റ്റ് ബസും ഇതേകവചത്തിൽ കുടുങ്ങി മുകൾഭാഗം തകർന്നു. ഒരു മണിക്കൂർ നേരം ഏറെ പരിശ്രമിച്ചാണ് ബസ് പിറകോട്ടെടുത്ത് ഗതാഗതതടസ്സം ഒഴിവാക്കിയത്. തിരക്കേറിയ സമയമായതിനാൽ ഇതുവഴിവന്ന വാഹനങ്ങളെല്ലാം വഴിതിരിച്ചുവിടേണ്ടിവന്നു.മുമ്പ് രണ്ടുതവണ ലക്ഷങ്ങൾ മുടക്കി പണിത സുരക്ഷാകമാനങ്ങളും സ്ഥാപിച്ച് 24 മണിക്കൂറിനകം വാഹനങ്ങളിടിച്ച് തകർന്നിരുന്നു.
മുൻ അനുഭവങ്ങളിൽനിന്ന് പാഠം പഠിച്ച് കൂടുതൽ ബലത്തിൽ സ്ഥാപിച്ച കവചങ്ങളിൽ വടക്കേവശത്തുള്ളതാണ് ഇപ്പോൾ വില്ലനാവുന്നത്. നേരത്തെ ഇതുവഴി സഞ്ചരിച്ച ടൂറിസ്റ്റ് ബസുകളാണ് അപകടത്തിൽപെട്ടത്. പുനരുദ്ധാരണത്തിന് മുമ്പ് ഇരുമ്പുപാലത്തിൽ സുരക്ഷാകവചം സ്ഥാപിച്ചിരുന്നില്ല.പുനരുദ്ധാരണത്തിന് ശേഷം ഇരുവശത്തും അൽപം താഴ്ത്തിയാണ് സുരക്ഷാകവചങ്ങൾ സ്ഥാപിച്ചത്.ഇതാണ് ബസുകൾക്ക് വിനയായത്. മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചതോടെ സോഷ്യൽ മീഡിയകളിൽ മന്ത്രി റിയാസിനെതിരെ പ്രതിഷേധം കനത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.