തലശ്ശേരി ഹോളോവേ റോഡിൽ മരം വീണ് തകർന്ന ഷറഫുദ്ദീന്റെ വീട്, ഗോഡൗണിന്റെ മേൽക്കൂരവീണ് തകർന്ന, കൊടുവള്ളിയിൽ സൗദയുടെ വീടിന്റെ അടുക്കള ഭാഗം തകർന്ന നിലയിൽ
ഓട്ടോറിക്ഷ.
തലശ്ശേരി: വെള്ളിയാഴ്ച പുലർച്ചെ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും പരക്കെ നാശം. ജില്ല കോടതിക്കടുത്ത ഹോളോവേ റോഡിൽ ജഡ്ജസ് ബംഗ്ലാവിനടുത്ത അഡ്വ. ബാലഗംഗാധരൻ റോഡരികിലെ മഹാഗണിമരം പൊട്ടിവീണ് സമീപത്തെ ഇരുനില വീടിന് കേടുപാടുണ്ടായി. ഷർഫാസിൽ മുഹമ്മദ് ഷറഫുദ്ദീന്റെ വീടിനാണ് കനത്ത നാശനഷ്ടമുണ്ടായത്. വീടിന്റെ മുകളിലെ വലിയ ഗ്ലാസ് പൊട്ടി. ഗേറ്റ് തകർന്നു.
ചുമരിന് വിള്ളൽ വീണതായും മുഹമ്മദ് ഷറഫുദ്ദീൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറിനാണ് അപകടം. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, കൊടുവള്ളി വാർഡ് കൗൺസിലർ വി.എ. രമ്യ തുടങ്ങിയവർ സ്ഥലത്തെത്തി. പാലിശ്ശേരി ചേറ്റംകുന്ന് റോഡിലെ എം.കെ.ആർ ഫ്രൂട്ട്സ് ഗോഡൗണിന്റെ മുകൾ നിലയിലെ മേൽക്കൂര വെള്ളിയാഴ്ച രാവിലെ ശക്തമായ കാറ്റിൽ തകർന്നുവീണു.
താഴത്തെ നിലയിലുണ്ടായിരുന്ന പാലക്കാട് സ്വദേശി മണികണ്ഠൻ (49), ബിഹാർ സ്വദേശി മുഹമ്മദ് മുക്കീം അൻസാരി (35) എന്നിവർക്ക് നിസാര പരിക്കേറ്റു. മേൽക്കൂര തകർന്നുവീഴുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണാണ് ഇവർക്ക് പരിക്കേറ്റത്. കേളോത്ത് ഫാത്തിമയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ആസ്ബറ്റോസ് മേൽക്കൂരയും ജനൽചില്ലുകളുമാണ് കാറ്റിൽ താഴേക്ക് പതിച്ചത്. അപകടസമയത്ത് റോഡിലൂടെ കടന്നുപോയ സാൻജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. അഖിൽ മുക്കുഴിയുടെ കാറിന് മുകളിലേക്ക് ആസ്ബറ്റോസ് പാളികൾ വീണ് പിറകുവശത്തെ ചില്ലുകൾ തകർന്നു. ബോഡിക്ക് കേടുപാടുണ്ടായി.
കെട്ടിടത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മേൽഭാഗവും ആസ്ബറ്റോസ് പതിച്ച് ഭാഗികമായി തകർന്നു. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കനത്ത മഴയെ തുടർന്ന് കൊടുവള്ളി മണക്കാദ്വീപിൽ കുളത്തുംകര സൗദയുടെ വീടിന്റെ അടുക്കള ഭാഗം പൂർണമായി തകർന്നു. ഞാലിയടക്കമാണ് അടുക്കള ഭാഗം നിലംപതിച്ചത്. വലിയ തോതിൽ നാശനഷ്‌ടമുണ്ടായി. വീനസ് കോർണറിലെ അംഗൻവാടിക്ക് മുകളിൽ മരം പൊട്ടിവീണ് നാശനഷ്ടമുണ്ടായി.
കെ.എസ്.ഇ.ബി ജീവനക്കാരെത്തി മരചില്ലകൾ മുറിച്ചു മാറ്റി. കോണർ വയൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പിൻഭാഗം റോഡിന് കുറുകെ തെങ്ങുവീണ് നാശമുണ്ടായി. ധർമടം ബ്രണ്ണൻ കോളജ് റോഡിൽ റെയിൽവേ മേൽപാലത്തിനു മുകളിൽ മരം വീണ് ഏറെ നേരം നഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരി അഗ്നിശമനസേന എത്തി മരച്ചിലകൾ മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൂത്തുപറമ്പ്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കണ്ണവം, മൊടോളി, ഇടുമ്പ, പൂഴിയോട്, തൊടീക്കളം, വട്ടോളി, മൊടപ്പത്തൂർ, കൈച്ചേരി, കോട്ടയിൽ, ചുണ്ടയിൽ, കീഴ്കാൽ, കളരിക്കൽ എന്നിവിടങ്ങളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.