കൊച്ചി: ദേശീയ സെമിനാർ നടത്തിപ്പിന് വിദ്യാർഥി യൂനിയന് മഹാത്മാ ഗാന്ധി സർവകലാശാല നൽകിയ തുക തിരിച്ചുപിടിക്കാനുള്ള വൈസ് ചാൻസലറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ദേശീയ സെമിനാറിന്‍റെ പ്രചാരണാർഥമുള്ള പോസ്റ്ററില്‍ പാറ്റയുടെ ചിത്രം ഉള്‍പ്പെടുത്തിയതിലെ പ്രതികാരമായാണ് വി.സിയുടെ നടപടിയെന്നാരോപിച്ച് സർവകലാശാല വിദ്യാർഥി യൂനിയനും ജനറൽ സെക്രട്ടറി പി.എസ്. അമലും നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. ഹരജിയില്‍ വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും സര്‍വകലാശാലയോടും കോടതി വിശദീകരണം തേടി.
ദേശീയ സെമിനാറിന് നല്‍കിയ 2.81 ലക്ഷം രൂപ തിരിച്ചുപിടിക്കാനായിരുന്നു വി.സിയുടെ ഉത്തരവ്. സെമിനാറിന്‍റെ ഒരുക്കം നടക്കുന്നതിനിടെ ഇതിന്‍റെ ഭാഗമായി തയാറാക്കിയ ചില പോസ്റ്ററുകൾ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും വിദ്യാർഥി യൂനിയൻ നടത്തുന്ന പരിപാടികൾ രാഷ്ട്രീയവത്കരിക്കരുതെന്നും ചൂണ്ടിക്കാട്ടി ജൂൺ 27ന് സർവകലാശാല സർക്കുലർ പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് തുക തിരിച്ചടക്കാനുള്ള ഉത്തരവ് വി.സി പുറപ്പെടുവിച്ചത്.
പാറ്റയുടെ ചിത്രങ്ങളുള്ള പോസ്റ്റര്‍ പ്രതിരോധത്തിന്‍റെ ചിത്രീകരണമെന്നായിരുന്നു യൂനിയന്‍റെ വാദം. ഏതെങ്കിലും പാർട്ടിയുടെ പേരോ ചിഹ്നമോ മുദ്രാവാക്യമോ പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഈ വിശദീകരണം സർവകലാശാലക്കും നൽകിയിരുന്നു. എന്നാൽ, ഇത് തള്ളിയാണ് വി.സിയുടെ ഉത്തരവുണ്ടായത്. എം.ജി സര്‍വകലാശാല ചട്ടത്തിനോ വിദ്യാർഥികളുടെ പെരുമാറ്റ ചട്ടത്തിനോ വിരുദ്ധമല്ല ഈ പോസ്റ്ററുകൾ. അധികാരപരിധി ലംഘിച്ചുള്ള ഉത്തരവാണ് വി.സിയുടേതെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി തീർപ്പാകും വരെ വി.സിയുടെ ഉത്തരവ് റദ്ദാക്കണമെന്ന ഇടക്കാല ആവശ്യമാണ് കോടതി അനുവദിച്ചത്. ഒക്ടോബർ ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.