തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുള്ള നിരക്കിൽ മാറ്റം വരുത്താൻ കെ.എസ്.ഇ.ബി. നിർദേശത്തിൽ കടുത്ത എതിർപ്പ്. പോസ്റ്റ് വേണ്ടവർക്കും വേണ്ടാത്തവർക്കും ഫീസ് ഏകീകരിക്കാനാണ് ബോർഡിന്‍റെ നിർദേശം. കെ.എസ്.ഇ.ബി സമർപ്പിച്ച കോസ്റ്റ് ഡേറ്റയിൽ റഗുലേറ്ററി കമീഷൻ നടത്തിയ തെളിവെടുപ്പിൽ പുതിയ നിർദേശം ഫീസ് വർധനക്ക് വഴയൊരുക്കുമെന്നാണ് ഉപഭോക്താക്കളുടെ വാദം.
പുതിയ സംവിധാനം വരുമ്പോൾ ബോർഡിന് നഷ്ടമെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്. നഷ്ടം സഹിച്ച് എന്തിന് പുതിയ സംവിധാനമെന്ന് റഗുലേറ്ററി കമീഷൻ ആരാഞ്ഞു. പുതിയ കണക്ഷന് വേണ്ട സാധന സാമഗ്രികളുടെ വിലയനുസരിച്ചാണ് നിലവിൽ ഫീസ് നിശ്ചയിക്കുന്നത്. ഇത് കണക്റ്റഡ് ലോഡ് അടിസ്ഥാനത്തിലേക്ക് മാറ്റുന്നതാണ് പുതിയ നിർദേശം. ഒരു വിഭാഗം ഉപഭോക്താക്കൾക്ക് നിരക്ക് കൂടുന്ന സാഹചര്യം വരാം. അതേസമയം, ഇതിന്‍റെ വിശദാംശങ്ങൾ ലഭിക്കുന്ന മുറക്കാകും കമീഷൻ തീരുമാനമെടുക്കുക.
സാധനങ്ങളും കേബിളുകളും പണം മുടക്കി വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കുകയും ലൈസൻസുള്ള ഇലക്ട്രീഷ്യൻമാരുടെ പണികൾക്ക് മുകളിൽ കെ.എസ്.ഇ.ബി വൻതുക നോക്കുകൂലിയായി പിരിച്ചെടുക്കുകയുമാണെന്ന് ആൾ കേരള ലൈസൻസ്ഡ് വയർമാൻ സൂപ്പർവൈസേഴ്‌സ് ആൻഡ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ നൽകിയ തടസ്സ ഹർജിയിൽ കുറ്റപ്പെടുത്തി.
കേബിളുകൾ അപേക്ഷകരെ കൊണ്ട് സ്വന്തം ചെലവിൽ വാങ്ങിപ്പിക്കുന്ന കെ.എസ്.ഇ.ബി. ഭീമമായ സർവീസ് ചാർജ് ഈടാക്കുന്നത് അപരിഷ്കൃതമാണ്. ട്രാൻസ്ഫോർമർ ആവശ്യമായി വരുന്ന കണക്ഷനുകൾക്ക് കെ.വി.എക്ക് 5,100 രൂപ വീതം ഈടാക്കാൻ ബോർഡ് നീക്കം നടത്തുന്നു. ആദ്യ അപേക്ഷകനിൽ നിന്ന് മാത്രം മുഴുവൻ തുകയും ഈടാക്കി നിർമിക്കുന്ന ട്രാൻസ്ഫോർമറുകൾ പിന്നീട് കെ.എസ്.ഇ.ബിയുടെ ആസ്തിയായി മാറ്റി മറ്റ് ഉപഭോക്താക്കൾക്ക് സൗജന്യമായും വരുമാനമുണ്ടാക്കിയും നൽകുന്നത് അനീതിയാണ്.
ബോർഡ് സ്വന്തമായി വാങ്ങാത്ത വസ്തുക്കളുടെ തുക കൂടി ഉൾപ്പെടുത്തി അശാസ്ത്രീയമായ കണക്കുകളിലൂടെയാണ് ശരാശരി നിരക്ക് നിശ്ചയിച്ചത്. ഇത് ഇലക്ട്രിസിറ്റി ആക്ട് സെക്ഷൻ 46-ന്റെ ലംഘനമാണ്. വിപണിയിലെ യഥാർഥ നിരക്കുകൾ തിട്ടപ്പെടുത്തി പുതിയ കോസ്റ്റ് ഡാറ്റ സമർപ്പിക്കാൻ ബോർഡിനോട് കമീഷൻ ആവശ്യപ്പെടപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഇളവുകളോടെ ദീർഘകാല കുടിശിക തീർക്കാൻ കെ.എസ്.ഇ.ബി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. രണ്ടു വർഷത്തിലേറെ പഴക്കമുള്ള കുടിശ്ശികകൾ അടക്കാൻ ഒക്ടോബര്‍ 31 ആണ് അവസാന തീയതി. 10 കൊല്ലത്തിലേറെ കുടിശ്ശികയുള്ളവർക്ക് 18 ശതമാനമാണ് പലിശ ചുമത്തിയിരുന്നത്. ഈ പദ്ധതി പ്രകാരം അത് എട്ട് ശതമാനമാകും.
അഞ്ച് മുതൽ 10 വർഷം വരെ കുടിശികയുള്ളവർക്ക് 18 ശതമാനമുള്ള പലിശ ഏഴ് ശതമാനമാകും. രണ്ട് മുതൽ അഞ്ച് വർഷം വരെ കുടിശ്ശികയുള്ളവര്‍ക്ക് പലിശ നിരക്ക് ആറ് ശതമാനമാക്കും. പലിശ തുക ആറ് മാസത്തെ തുല്യ ഗഡുക്കളായി അടയ്ക്കാം. ഒറ്റത്തവണയായി അടക്കുന്നവർക്ക് കുടിശ്ശികയിൽ അഞ്ച് ശതമാനം അധിക ഇളവ് ലഭിക്കും. റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും തീർപ്പാക്കാം. https://ots.kseb.in വെബ്‌പോർട്ടൽ വഴി കുടിശിക അറിയാനും പണമടയ്ക്കാനും കെ.എസ്.ഇ.ബി. അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.