കോഴിക്കോട്: പുതിയ അധ്യയന വർഷത്തിന് ഇന്ന് നാന്ദികുറിക്കുമ്പോൾ വർഷങ്ങളായി തുടരുന്ന ജോലിഭാരത്തിന് അറുതിയാകുമോയെന്ന പ്രതീക്ഷയിൽ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർ. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ പ്രധാനാധ്യാപകർക്കാണ് സ്കൂളിന്റെ സർവ ചുമതലയും. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുതൽ പുതിയ കെട്ടിടം പണിയുന്നത് വരെയുള്ള ഓഫിസ് ജോലികളുടെ ചുമതല പ്രധാനാധ്യാപകർക്കാണ്. അവരെ സഹായിക്കാൻ ക്ലർക്കുമാർ ഇല്ല. അപ്പർ പ്രൈമറി (യു.പി) തലത്തിൽ ഓഫിസ് അറ്റന്റ് ഉണ്ട്. ലോവർ പ്രൈമറിയിൽ അതുമില്ല. ഈ അധിക ജോലിഭാരം മൂലം പ്രധാനാധ്യാപകരാകാൻ അധ്യാപകർ തയാറാകുന്നില്ലെന്ന് അധ്യാപക സംഘടന നേതാവ് ടി. അനൂപ് കുമാർ പറയുന്നു.
ഇത്തരം അധിക ചുമതലകൾക്ക് പുറമെ, പ്രധാനാധ്യാപകർ ക്ലാസുകളിൽ പഠിപ്പിക്കുകയും വേണം. 150ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ മാത്രമാണ് ഈ അധിക ബാധ്യത ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് അത്തരം സ്കൂളുകൾ കുറവാണ് താനും. രണ്ട് ഇൻക്രിമെന്റുകൾ ലഭിക്കും എന്നത് മാത്രമാണ് പ്രധാനാധ്യാപകർക്ക് കിട്ടുന്ന ഏക സാമ്പത്തിക ലാഭം. എല്ലാ ശനിയാഴ്ചകളിലും അവർ ജോലിക്ക് ഹാജരാവുകയും വേണം.
സാധാരണ അധ്യാപകർ വിരമിച്ചാൽ ഗ്രാറ്റുവിറ്റി, പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ പെട്ടെന്ന് തന്നെ ലഭിക്കും. എന്നാൽ എസ്.എസ്.കെ (സമഗ്ര ശിക്ഷ കേരള) ഫണ്ട്, നൂൺമീൽ ഫണ്ട് എന്നിവയുടെ ഓഡിറ്റ് ശരിയായാലേ പ്രധാനാധ്യാപകർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. പ്രധാനാധ്യാപകർ നോൺ വെക്കേഷനൽ ജീവനക്കാരാണ്. നേരത്തേ 12 മാസം ജോലിചെയ്താൽ ഒരു മാസത്തെ ലീവ് സറണ്ടർ ചെയ്യാമായിരുന്നു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ സർക്കാർ ഇത് തൽക്കാലത്തേക്ക് മരവിപ്പിച്ചു. മറ്റ് വകുപ്പുകളിൽ ഈ ലീവ് സറണ്ടർ നിലനിൽക്കുന്നുണ്ട്താനും.
പ്രവേശനോത്സവത്തിന്റെ ചെലവുകളും പ്രധാനാധ്യാപകർ വഹിക്കണം.
കേന്ദ്രത്തിൽ നിന്നു എസ്.എസ്.കെ ഫണ്ട് ലഭിച്ചിട്ട് പോലും ഈ വർഷം പ്രവേശനോത്സവത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും അധ്യാപകർ പറയുന്നു. ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ പാൽ വില വർധനവും പാചക വാതക സിലിണ്ടർ പ്രതിസന്ധിയുമാണ് ഇനി പ്രധാനാധ്യാപകരെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.