ഫയൽ ചിത്രം
മലപ്പുറം: മുസ്ലിംലീഗ് മന്ത്രിമാരുടെ പ്രവർത്തനരീതിയെ കുറിച്ചുള്ള വിമർശനങ്ങൾ പ്രതിരോധിക്കാൻ അഞ്ച് മന്ത്രിമാരുടെയും യോഗം പാണക്കാട് തുടങ്ങി. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർക്ക് പുറമേ പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.എം.എ. സലാം, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ നിരന്തരം വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗം വിളിച്ചത്. ചായസൽക്കാരമെന്ന പേരിലാണ് മന്ത്രിമാരെ പാണക്കാട്ടേക്ക് ക്ഷണിച്ചത്.
പേഴ്സണൽ സ്റ്റാഫ് നിയമനവും പി.എം ശ്രീയുമടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടിയുടെയോ പോഷകസംഘടനകളുടെയോ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും മന്ത്രിമാർ തന്നിഷ്ടത്തോടെ പ്രവർത്തിക്കുന്നുവെന്നുമുള്ള ആക്ഷേപം ഉയർന്നിരുന്നു. ഈ വിഷയത്തിൽ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ മന്ത്രിമാർക്കെതിരെ പ്രമേയങ്ങൾ പാസാക്കുന്ന സ്ഥിതി വരെയുണ്ടായി.
പ്ലസ്വൺ സീറ്റ്, പി.എം ശ്രീ, മദ്യനയം, ഊരാളുങ്കൽ വിഷയങ്ങളിൽ പാർട്ടി നിലപാടിന് വിരുദ്ധമായി മന്ത്രിമാരുടേതായി വന്ന പ്രതികരണങ്ങളും അണികളിൽ അവമതിപ്പ് സൃഷ്ടിച്ചിരുന്നു. ഈ മാസം 18ന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമുണ്ടാകുമെന്ന് സൂചനയുള്ളതിനാൽ ഇത് കൂടി കണക്കിലെടുത്താണ് യോഗം വിളിച്ചത്. യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ചർച്ചയായതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.