ജോസ് കെ.മാണി
കോട്ടയം: എൽ.ഡി.എഫിനേറ്റ കനത്ത തിരിച്ചടികൾക്കിടയിൽ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റം വീണ്ടും ചർച്ചയാകുന്നു. ഘടകകക്ഷികളിൽനിന്ന് മതിയായ പിന്തുണ ലഭിക്കാത്തതാണ് പാർട്ടിക്ക് സ്വാധീനമുള്ള ജില്ലകളിൽപോലും ശക്തിതെളിയിക്കാൻ കഴിയാതെ പോയതെന്നാണ് മാണിവിഭാഗത്തിന്റെ വിലയിരുത്തൽ. ആയിരത്തിലേറെ സീറ്റുകൾ എൽ.ഡി.എഫിൽനിന്ന് ലഭിച്ചെങ്കിലും 246 സീറ്റിൽ മാത്രമാണ് ജയിക്കാനായത്. മുന്നണി സംവിധാനത്തിലെ പാളിച്ചകളും തോൽവിക്ക് കാരണമായിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നാണ് ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കുന്നത്. എന്നാൽ, പാർട്ടിയുടെ ഈ പരാജയം അണികൾക്കിടയിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫിൽനിന്ന് നിരന്തരം ക്ഷണമുണ്ടായിട്ടും അത് നിരാകരിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനോട് പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഇപ്പോൾ ഉചിതമായ സമയമെന്നാണ് കേരള കോൺഗ്രസ് എം അണികളുടെ പൊതുഅഭിപ്രായം.
മുമ്പ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിച്ചെങ്കിലും ജോസ് കെ. മാണി തള്ളുകയായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മാണിവിഭാഗത്തെ ക്ഷണിച്ചത് ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച മികച്ചനേട്ടം മൂന്നാം എൽ.ഡി.എഫ് സർക്കാർ എന്ന പ്രതീക്ഷക്ക് തിരിച്ചടിയാണെന്ന പൊതുവിലയിരുത്തലാണ് പാർട്ടിയിലുണ്ടാക്കിയിട്ടുള്ളത്.
മുന്നണിമാറ്റത്തിന് ഇപ്പോൾ സുവർണാവസരമാണെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ടെന്നാണ് വിവരം. എന്നാൽ, അവഗണിച്ച് പുറത്താക്കിയ മുന്നണിയിലേക്ക് എങ്ങനെ തിരിച്ചുപോകും എന്ന ആശങ്കയിലാണ് ജോസ് കെ. മാണി. പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെയും ജോസ് കെ. മാനണിയുടെയും ഈ വിഷയത്തിലെ നിലപാട് ഏറെ നിർണായകമാണ്.
കോട്ടയം: കേരള കോൺഗ്രസ് എമ്മിന് മുന്നിൽ തങ്ങൾ വാതിലടച്ചിട്ടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അപ്പുറത്തേക്ക് പോയിട്ട് കേരള കോൺഗ്രസിന് (എം) നഷ്ടമല്ലേ ഉണ്ടായുള്ളൂ. പാലായിൽപോലും നഷ്ടം സംഭവിച്ചില്ലേ. അവർ ജനവിധി മാനിക്കണം. ജനങ്ങൾക്ക് എതിരായുള്ള സർക്കാർ നടപടികളെ വിമർശിക്കാനുള്ള ആർജവമെങ്കിലും കേരള കോൺഗ്രസ് (എം) കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.