നിരപരാധിത്വം തെളിയിക്കും, ആരെയും വെറുതേവിടില്ല; ക്ഷുഭിതനായി ബെയ്ലിൻ ദാസ്

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ താന്‍ നിരപരാധിയാണെന്ന് ബെയ്‌ലിന്‍ ദാസ്. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ ബെ‍യ്ലിൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ശ്യാമിലിയെ മര്‍ദിച്ചിട്ടില്ലെന്നാണോ പറയുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിലെന്താണ് സംശയമെന്ന് ശബ്ദമുയര്‍ത്തി ബെയ്‌ലിന്‍ മറുപടി നല്‍കി. ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാന്‍ കഴിയില്ല. നിരപരാധിത്വം തെളിയിക്കും. ബാര്‍ അസോസിയേഷന്‍ സംരക്ഷിക്കുന്നെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും നിഷേധിക്കുന്നെന്നും ബെയ്‌ലിന്‍ പറഞ്ഞു.

‘ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാന്‍ കഴിയില്ല. കോടതിയെ അനുസരിച്ചേ പറ്റൂ. കോടതിയുടെ അനുവാദമില്ലാതെ വാ തുറക്കാന്‍ കഴിയില്ല. മുകളില്‍ എല്ലാം കണ്ടുകൊണ്ട് ഒരാള്‍ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. നിരപരാധിത്വം തെളിയിക്കും. അതില്‍ എന്താണു സംശയം. അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍ ഉള്‍പ്പെടെ ആരായാലും എല്ലാവരും പുറത്തുവരും. ആരെയും വെറുതേവിടില്ല’ -ക്ഷുഭിതനായി ബെയ്‌ലിന്‍ പറഞ്ഞു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് റിമാൻഡിലായി നാലാം ദിവസം കോടതി ബെയ്‌ലിന് ജാമ്യം നല്‍കിയത്.

50,000 രൂപയുടെ രണ്ട് ബോണ്ട്, രണ്ടുമാസം വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യരുത്, കുറ്റകൃത്യം ആവര്‍ത്തിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. ബെയ്ലിന്‍റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫിസിലെ തന്നെ ജീവനക്കാരായ സാക്ഷികളെ ബെയ്ലിന് സ്വാധീനിക്കാൻ കഴിയുമെന്നും സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിക്ക് തൊഴിലിടത്ത് സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാല്‍ ജാമ്യം നല്‍കുന്നത് നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

എന്നാല്‍, അഭിഭാഷകന്‍റെ ഓഫിസിനുള്ളിൽ രണ്ടു ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തിനൊടുവിലാണ് സംഭവമുണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. തർക്കത്തിനിടെ, തനിക്കും മർദനമേറ്റെന്ന് കോടതിയെ അറിയിച്ച ബെയ്ലിൻ ദാസ് ശ്യാമിലിയെ മർദിച്ചത് മനഃപൂർവമല്ലെന്ന നിലപാടാണ് എടുത്തത്. കഴിഞ്ഞ ചൊവാഴ്ചയാണ് ഓഫിസില്‍ വെച്ച് ബെയ്‍ലിൻ ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിച്ചത്.

Tags:    
News Summary - Will prove innocence; will not spare anyone -Bailin Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.