കോഴിക്കോട്: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ സംഘടനകളും ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിക്ക് ആരംഭിക്കും. എല്ലാ മേഖലയിലെയും തൊഴിലാളികളോട് പണിമുടക്കിന്‍റെ ഭാഗമാകാൻ യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, നാളെ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുമോയെന്ന കാര്യത്തിൽ ഗതാഗത മന്ത്രിയും ജീവനക്കാരുടെ സംഘടനകളും രണ്ട് തട്ടിലാണ്.
പണിമുടക്ക് ദിനമായ ബുധനാഴ്ച കെ.എസ്.ആർ.ടി.സി ബസുകള്‍ സര്‍വിസ് നടത്തുമെന്നാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രാവിലെ പറഞ്ഞത്. പണിമുടക്കിൽ പങ്കെടുക്കുന്നതിനായി കെ.എസ്.ആർ.ടി.സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. കെ.എസ്.ആർ.ടി.സി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെ.എസ്.ആർ.ടി.സിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
എന്നാൽ, ഗതാഗതമന്ത്രിയുടെ വാക്കുകളെ തള്ളുകയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിയനുകള്‍ ചെയ്തത്. ജീവനക്കാർ ദേശീയ പണിമുടക്കിന്‍റെ ഭാഗമാകുമെന്ന് സി.ഐ.ടി.യു വിഭാഗം നേതാക്കള്‍ അറിയിച്ചു. സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. കഴിഞ്ഞ 25ന് നോട്ടീസ് നല്‍കിയതാണെന്നും നേതാക്കള്‍ പറഞ്ഞു. പണിമുടക്ക് സംബന്ധിച്ച് മന്ത്രിക്ക് അല്ല നോട്ടീസ് നല്‍കേണ്ടത്. കെ.എസ്.ആര്‍.ടി.സി സി.എം.ഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്നും സി.ഐ.ടി.യു അറിയിച്ചു. ജീവനക്കാര്‍ ജോലിക്ക് ഹാജരാകില്ലെന്നും ദീര്‍ഘദൂര അവശ്യ സര്‍വിസുകള്‍ ഒഴിച്ചുള്ള സര്‍വിസുകള്‍ ഒന്നും ഉണ്ടാകില്ലെന്നും സി.ഐ.ടി.യു വ്യക്തമാക്കി.
ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഐ.എന്‍.ടി.യു.സിയും അറിയിച്ചിട്ടുണ്ട്. ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐ.എന്‍.ടി.യു.സി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് പറയാൻ മന്ത്രിക്ക് അധികാരമില്ലെന്നും കെ.എസ്.ആർ.ടി.സി നാളെ സ്തംഭിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വാഹനങ്ങൾ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.