തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഉയർത്തുന്നതിനപ്പുറം സീറ്റുകൾ നേടി കരുത്ത് തെളിയിക്കണമെന്ന് ബി.ജെ.പി കോർ കമ്മിറ്റിയിൽ നേതാക്കൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അന്ത്യശാസനം.
ശബരിമല സ്വർണക്കൊള്ളയിൽ ഇടത്, വലത് മുന്നണികൾക്കെതിരെ സ്ത്രീകളെ രംഗത്തിറക്കി ശക്തമായ പ്രക്ഷോഭം തുടങ്ങാനും വികസനവും സുരക്ഷയും വിശ്വാസ സംരക്ഷണവും പ്രചാരണ ആയുധമാക്കാനും നിർദേശിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാവിഷ്കരിക്കാൻ ചേർന്ന യോഗത്തിൽ, ബി.ജെ.പി ജനപ്രതിനിധികളുടെ സംഗമത്തിൽ പ്രഖ്യാപിച്ച നൂറുദിനം നീളുന്ന ‘മിഷൻ 2026’ലെ പദ്ധതികൾ അമിത്ഷാ വിശദീകരിച്ചു.
രാജ്യവും ഇത്രമാത്രം സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ എം.എൽ.എമാരില്ലെന്ന സ്ഥിതി പാടില്ല. കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തു. സി.പി.എം ഭരിച്ച ത്രിപുരയിലടക്കം അധികാരത്തിൽ വന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും അധികാരത്തിൽ വരും. എൽ.ഡി.എഫും യു.ഡി.എഫും തുടരുന്ന പ്രീണന രാഷ്ട്രീയം തുറന്നുകാട്ടണം. കേരളത്തിൽ ഭരണം പിടിക്കലാകണം ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളായ 35 ഇടത്തും വിജയിക്കാവുന്ന തരത്തിലാവണം പ്രചാരണം. ഈ മണ്ഡലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഇൻഡ്യ മുന്നണിയായി പ്രവർത്തിച്ച് പരാജയപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
സാമുദായിക സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനൊപ്പം പ്രാദേശിക വോട്ട് ബാങ്കുള്ള ചെറിയ ഗ്രൂപ്പുകളെയും ഒപ്പം നിർത്തണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന ഉറപ്പും അമിത്ഷാ നൽകി.
വിജയസാധ്യത ഉറപ്പാക്കിയാവണം സ്ഥാനാർഥി നിർണയം. ജനുവരി അവസാനത്തോടെ സ്ഥാനാർഥി പട്ടിക തയാറാക്കണം. മറ്റുമുന്നണികൾക്ക് മുന്നേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.