മലപ്പുറം: മക്കളിൽ നിന്ന് സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ച് ആർ.ഡി.ഒ ഓഫിസുകൾ കേന്ദ്രീകരിച്ചുള്ള ട്രിബ്യൂണലുകളിൽ എത്തുന്ന പരാതികളുടെ എണ്ണം പെരുകുന്നു. സ്വത്ത് വീതം വെച്ച് നൽകിയ ശേഷം മക്കൾ മാതാപിതാക്കളെ സംരക്ഷിക്കാത്തത് സംബന്ധിച്ചും ശാരീരിക-മാനസിക പീഡനങ്ങൾ സംബന്ധിച്ചുമാണ് ഏറിയ പരാതികളും. മക്കൾക്ക് ഇഷ്ടദാനമായി നൽകിയ സ്വത്ത് തിരിച്ച് രജിസ്റ്റർ ചെയ്ത് തരാനാവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിക്കുന്നവരും ഏറെയാണ്. 2020-21 ൽ 3316 കേസുകളാണ് ട്രിബ്യൂണലുകളിൽ വന്നതെങ്കിൽ 2024-25 ൽ 8201 ആയി ഉയർന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം-2007 (എം.ഡബ്ല്യൂ.പി.എസ്.സി ആക്ട്) പ്രകാരമുള്ള പരാതികളാണ് കൂടുതലും. റവന്യൂ ഡിവിഷനുകളിൽ പരാതി കൈകാര്യം ചെയ്യാൻ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്. ആർ.ഡി.ഒമാർ അധ്യക്ഷരായ 27 ട്രിബ്യൂണലുകളാണ് സംസ്ഥാനത്തുള്ളത്. 14 അപ്ലറ്റ് ട്രിബ്യൂണലുകളും പ്രവർത്തിക്കുന്നു.
നേരിട്ടോ തപാലിലോ മെയിൽ വഴിയോ ലഭിക്കുന്ന പരാതികളിൽ ഇരുകക്ഷികളെയും പങ്കെടുപ്പിച്ച് ആർ.ഡി.ഒ ഹിയറിങ് നടത്തും. വില്ലേജ് ഓഫിസുകൾ വഴിയാണ് ഹിയറിങ് നോട്ടീസ് നൽകുക. എല്ലാ ചൊവ്വാഴ്ചയും ഹിയറിങ് നടക്കാറുണ്ട്. പരാതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ട്രിബ്യൂണൽ കേസ് തീർപ്പാക്കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം സംസ്ഥാനത്താകെ 3215 കേസുകൾ തീർപ്പാകാതെ കിടപ്പുണ്ട്.
മാതാപിതാക്കൾക്ക് ജീവിത ചെലവിന് പ്രതിമാസം 10,000 രൂപ വരെ മക്കളിൽനിന്ന് വാങ്ങി നൽകാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്. സാമ്പത്തിക സ്ഥിതി നോക്കിയാണ് ഇത് തീരുമാനിക്കുന്നത്. മാതാപിതാക്കൾക്ക് അനുകൂലമായി വന്ന ട്രിബ്യൂണൽ വിധിക്കെതിരെ മക്കൾ ഹൈകോടതിയിൽ പോയി സ്റ്റേ വാങ്ങിയ ഒട്ടേറെ കേസുകളുണ്ടെന്ന് റവന്യൂ ഡിവിഷൻ തല സെൽ കോഓഡിനേറ്റർമാർ പറയുന്നു. മാറിത്താമസിക്കാൻ സൗകര്യം ചെയ്ത് തരണമെന്നാണ് ചില മാതാപിതാക്കളുടെ ആവശ്യം.
ചെലവിന് ഒന്നും തന്നില്ലെങ്കിലും മക്കളുടെ ശാരീരിക ഉപദ്രവവും മാനസിക പീഡനവും നിർത്തണം എന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നു. മക്കൾ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതികളിൽ തുടർ നടപടിക്ക് പൊലീസിന് കൈമാറലാണ് പതിവ്.
എം.ഡബ്ല്യൂ.പി.എസ്.സി ആക്ട് പ്രകാരമുള്ള കേസുകൾ
2020-21 3316
2021-22 4435
2022-23 8825
2023-24 7369
2024-25 8201
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.