പ​ഫ​ർ ഫി​ഷ്

പഫർ ഫിഷും കടൽപന്നിയും വല നശിപ്പിക്കുന്നു; മീൻപിടിത്തം പ്രതിസന്ധിയിൽ

ബേപ്പൂർ: പഫർ ഫിഷും (കടൽപേത്ത, കടൽമാക്രി) കടൽപന്നികളും (ഡോൾഫിൻ) വ്യാപകമായതോടെ മീൻപിടിത്തം പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികൾ. തീരക്കടൽ മുതൽ 15 നോട്ടിക്കൽ മൈൽ വരെ കടൽമാക്രി ശല്യം രൂക്ഷമാണ്. ഉൾക്കടലിൽ, വലയിൽ കുടുങ്ങുന്ന മത്സ്യങ്ങളെ തിന്നാനെത്തുന്ന കടൽപന്നികളുടെ ശല്യവും ഏറെയാണ്. മത്സ്യത്തൊഴിലാളികളുടെ വലകൾ ഇവ കടിച്ചുനശിപ്പിക്കുന്നതിനാൽ ഭീമമായ നഷ്‌ടമാണുണ്ടാകുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് കൂടുതൽ പ്രതിസന്ധി.

ഇതോടെ, സംസ്ഥാനത്തെ വിവിധ ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വഞ്ചികൾ ഏറെയും മീൻപിടിത്തത്തിന് ഇറങ്ങാതെ കരക്ക് കയറ്റിയിരിക്കുകയാണ്. മാർക്കറ്റുകളിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മീനുകൾക്ക് വിലയും വർധിച്ചു. കടൽമാക്രികളുടെ സാന്നിധ്യമുള്ളയിടങ്ങളിൽ മീനുകൾ അകന്നുമാറും. വലകൾ ഇവ കടിച്ചുമുറിച്ച് നശിപ്പിക്കും. കാലാവസ്ഥയിലും കടലിലെ ആവാസവ്യവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് കടൽമാക്രികൾ വർധിക്കുന്നതിനു കാരണം. ചില ഭാഗങ്ങളിൽ തീരത്തോട് ചേർന്ന് ഇവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറി വലയിട്ടെങ്കിലും അവിടെയും വലിയ കടൽമാക്രികൾ വല പൂർണമായി നശിപ്പിച്ചെന്ന് തൊഴിലാളികൾ പറയുന്നു.

ഇന്ധനച്ചെലവ് ഉൾപ്പെടെ 30,000 മുതൽ 40,000 രൂപ വരെ ഒരു ദിവസം മീൻപിടിത്തത്തിന് ചെലവ് വരും. താങ്ങുവലകൾ ഉൾപ്പെടെയുള്ളവയാണ് പഫർ ഫിഷും കടൽപന്നിയും നശിപ്പിക്കുന്നത്. ഒരു താങ്ങുവല 2000 കിലോയിലധികം വരും. ഒരു കിലോ വലക്ക് 540 രൂപയാണ് വില. ഇത് നശിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്‌ടമാണ് സംഭവിക്കുന്നത്. വീർത്ത് വലുതാകുന്ന ശരീരപ്രകൃതമുള്ളതും ശരീരം മുഴുവൻ മുള്ളുകളുള്ളതുമാണ് കടൽമാക്രി. മൂർച്ചയുള്ള പല്ലും മുള്ളുമാണ് ഇവയുടെ ആയുധം. കൂട്ടത്തോടെ ഇവ അകപ്പെട്ടാൽ വല മുഴുവൻ നശിക്കും.

സ്രാവുകൾ ഒഴികെ ഏത് ശത്രുവിനെയും കൊല്ലാൻ ശക്തിയുള്ള ടെട്രാഡോടോക്‌സിൻ എന്ന വിഷം ഒട്ടുമിക്ക പഫർ ഫിഷുകളുടെയും ശരീരത്തിലുണ്ട്. ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും, ആവശ്യമെങ്കിൽ വായുവും വലിച്ചെടുക്കാനുള്ള കഴിവുമാണ് പഫർ ഫിഷിനെ വീർക്കാൻ സഹായിക്കുന്നത്. ചിലയിനങ്ങൾക്ക് ശരീരത്തിനു ചുറ്റും മുള്ളുകളുമുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് കടൽമാക്രികളെ സാധാരണയിൽ കൂടുതലായി കണ്ടുവരാറുള്ളത്. ഇവ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലും മുറിവുകളും ഉണ്ടാകാനിടയുണ്ട്.

Tags:    
News Summary - Puffer fish and porpoises are destroying nets; fishing in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.