100 ദിവസത്തിനുള്ളിൽ 50,000 തൊഴിലവസരങ്ങൾ, എയ്ഡഡ് കോളജുകളിൽ 700 തസ്തികകൾ -മുഖ്യമന്ത്രി

തിരുവനന്തപുരം: എയ്ഡഡ് കോളജുകളിൽ 700 തസ്തികകൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ കോഴ്സുകളുടെ ഭാഗമായി 300 താൽക്കാലിക തസ്തികകളും സൃഷ്ടിക്കും. ഹയർ സെക്കൻഡറി സ്കൂളുകളിൽ 425 തസ്തികകൾ സൃഷ്ടിക്കും. 100 ദിവസത്തിനുള്ളിൽ 50,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഡഡ് സ്കൂളുകളിൽ 6911 തസ്തികകളിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്യും. നിയമന അഡ്വൈസ് കിട്ടിയിട്ടും സ്കൂളുകൾ തുറക്കാത്തതിനാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത 1632 പേരുണ്ട്. ഇതെല്ലാം ചേർത്ത് വിദ്യാഭ്യാസ മേഖലയിൽ 10,968 പേർക്ക് തൊഴിൽ നൽകും.

മെഡിക്കൽ കോളജുകളിൽ 700 തസ്തികകളും പൊതു ആരോഗ്യ സംവിധാനങ്ങളിൽ 500 തസ്തികകളും സൃഷ്ടിക്കും. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ 1000 ജീവനക്കാർക്ക് താൽക്കാലിക നിയമനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ് മഹാമാരി സംസ്ഥാനത്ത് വലിയ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കും. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

1000 ആളുകൾക്ക് അഞ്ച് എന്ന തോതിൽ ഓരോ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് ഇതിന് വിലങ്ങുതടിയായി.

ഡിംബർ മാസത്തിനുള്ളിൽ 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇത് സംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിന് പ്രത്യേകമായി പോർട്ടൽ ആരംഭിക്കും.

പി.എസ്.സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യം. പി.എസ്.സി വഴിയുള്ള നിയമനങ്ങളിലും പുതുതായി സൃഷ്ടിച്ച തസ്തികകളുടേയും എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുള്ളത്. 42 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1178 സ്ഥിരനിയമനങ്ങളും 342 താല്‍ക്കാലിക നിയമനങ്ങളും 241 കരാര്‍ നിയമനങ്ങളും അടക്കം 1761 നിയമനങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.