ജോസ് കെ. മാണി
കോട്ടയം: മുന്നണിമാറ്റ ചർച്ചകൾ നടക്കുന്നെന്ന അഭ്യൂഹങ്ങൾ സജീവമായിരിക്കെ എൽ.ഡി.എഫിനെയും സർക്കാറിനെയും സമ്മർദത്തിലാക്കുന്ന നീക്കവുമായി കേരള കോൺഗ്രസ് എം. വന്യജീവി ആക്രമണ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന ആവശ്യമാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി. ഉന്നയിച്ചത്. മലയോര കർഷകരുടെ പ്രശ്നങ്ങളും വന്യജീവി ആക്രമണവും സംബന്ധിച്ച വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഇടപെടുന്ന സാഹചര്യത്തിൽ കൂടിയാണ് കേരള കോൺഗ്രസ് എമ്മിന്റെ ഈ നീക്കം. മലയോര മേഖലയിലെ പ്രശ്നങ്ങൾ കേരള കോൺഗ്രസ് എം ഉയർത്തിക്കാട്ടുന്നതിനെ രാഷ്ട്രീയ ചർച്ചകളുമായി കൂട്ടിക്കെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും ജോസ് കുറ്റപ്പെടുത്തുന്നു.
എന്നാൽ പുതിയ നീക്കത്തിലൂടെ എൽ.ഡി.എഫിനെ സമ്മർദത്തിലാക്കാൻ അവർ ഉദ്ദേശിക്കുന്നുണ്ട്. മുന്നണിക്കുള്ളിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്ന് യു.ഡി.എഫിന് മുന്നിൽ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായി ജോസും കൂട്ടരും ഇതിനെ കാണുന്നുമുണ്ട്. അതിനിടെ മുന്നണി മാറ്റം സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം മാണി വിഭാഗം നേതാക്കളുമായി ചർച്ച നടത്തുന്നെന്ന വിവരങ്ങളാണ് വരുന്നത്. കോട്ടയത്തെ പാലാ മണ്ഡലം വേണ്ടെന്നും പകരം വടക്കൻ കേരളത്തിലെ വിജയസാധ്യതയുള്ള മണ്ഡലം മാണി വിഭാഗം ആവശ്യപ്പെട്ടെന്നാണ് അഭ്യൂഹം. എന്നാൽ ഇത് കേരള കോൺഗ്രസ് എം നേതൃത്വം തള്ളുകയാണ്.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് മാണി വിഭാഗത്തെ ഒപ്പം കൂട്ടുന്നതിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മുന്നണിമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതെന്നാണ് വിവരം.
എന്നാൽ മുന്നണിമാറ്റം അജണ്ടയിലില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. പക്ഷെ യു.ഡി.എഫിൽ നിന്നുള്ള ക്ഷണം മാണി വിഭാഗം തുറുപ്പുചീട്ടായി കാണുന്നു എന്നതാണ് സത്യം. ഇടതുമുന്നണിയിൽ സമ്മർദം ചെലുത്താനും തദ്ദേശ തെരഞ്ഞെടുപ്പുകളിലുൾപ്പെടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനും ഇത് അവർ ആയുധമാക്കും. അതാണ് പ്രത്യേക നിയമസഭാസമ്മേളനം നടത്തണമെന്ന ആവശ്യത്തിന് പിന്നിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.