തിരുവല്ല: ഭാര്യയെ റിബൽ സ്ഥാനാർഥിയാക്കിയ സി.പി.എം നേതാവിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കി. തിരുവല്ല പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡന്റും വേങ്ങൽ ലോക്കൽ കമ്മിറ്റി അംഗവും ആയ മാത്തൻ ജോസഫിനെയാണ് സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെയും പാർട്ടി സ്ഥാനാർഥിക്ക് റിബലായി സ്വന്തം ഭാര്യയെ സ്ഥാനാർത്ഥി ആക്കിയതിന്റെയും പേരിലാണ് നടപടിയെന്ന് വേങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.കെ. പൊന്നപ്പൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കാൽനൂറ്റാണ്ടുകാലമായി യു.ഡി.എഫ് കോട്ടയായിരുന്ന പെരിങ്ങര പഞ്ചായത്ത് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് പിടിച്ചടക്കിയത്.
ഭരണം ലഭിച്ചതിന് പിന്നാലെ മാത്തൻ ജോസഫിനെ പാർട്ടി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. താൻ ഇപ്പോഴും സി.പി.എമ്മിൽ ആണെന്ന് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് ഭാര്യയ്ക്ക് വേണ്ടി വോട്ട് തേടുക വഴി പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയ മാത്തൻ ജോസഫ് പാർട്ടിയെ വഞ്ചിക്കുകയായിരുന്നു എന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സി.പി.എമ്മിൽ നിന്നും പുറത്താക്കി
CPI(M) വേങ്ങൽ ലോക്കൽ കമ്മറ്റി അംഗം, മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് പാർട്ടിയേയും ജനങ്ങളെയും വഞ്ചിച്ച മാത്തൻ ജോസഫ് സംഘടനാ വിരുദ്ധ നിലപാടിന്റെയും സ്വന്തം വീട്ടിൽ നിന്നും ഭാര്യയെ സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപനം നടത്തി ജനങ്ങളെ വിണ്ടും വഞ്ചിക്കാൻ വേണ്ടി എൻ്റെ ഭാര്യ ലീലാമ്മ മാത്തന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീടുകളിൽ കയറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്.
അതോടൊപ്പം ഞാൻ ഇപ്പോഴും CPI(M) പാർട്ടിയിലാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും, പദവികളും സ്വീകരിച്ച് CPI(M) എന്ന പ്രസ്ഥാനത്തെ വഞ്ചിച്ച മാത്തൻ ജോസഫിനെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കി യതായി അറിയിക്കുന്നു.
അഭിവാദ്യങ്ങളോടെ
സി. കെ. പൊന്നപ്പൻ
CPI(M) വേങ്ങൽ ലോക്കൽ കമ്മറ്റി സെക്രട്ടറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.