ആലപ്പുഴ: ശക്തമായ കാറ്റിൽ ആലപ്പുഴ ജില്ലയിൽ വ്യാപക നാശം. മരങ്ങൾ വീണ് നിരവധി വീടുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു. തകഴിയിൽ റെയിൽവേ ട്രാക്കിൽ മരം വീണു.
ഇതുമൂലം ട്രൈയിനുകൾ വൈകി. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയ്ക്ക് ശേഷമാണ് ശക്തമായ കാറ്റ് വീശിയത്. ജില്ലയുടെ തെക്കൻ മേഖലയിലാണ് കാറ്റ് നാശം വിതച്ചത്. തലവടി പഞ്ചായത്ത് 11ആം വാർഡിൽ മാലിച്ചിറ ശാന്ത, നാലാം വാർഡിൽ നടുവിലേമുറി കൊച്ചുമോൾ ഓമനക്കുട്ടൻ, തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ കേളമംഗലം അഞ്ചിൽ ആനന്ദവല്ലി എന്നിവരുടെ വീടുകളാണ് തകർന്നത്.
ലൈഫ് പദ്ധതി പ്രകാരം നിർമാണത്തിലിരിക്കുന്ന ശാന്തയുടെ വീടിന് മുകളിൽ സമീപ വാസിയുടെ പുളിമരം വീഴുകയായിരുന്നു. മേൽക്കൂര വാർപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോഴാണ് മരംവീണത്. കൊച്ചുമോൾ ഓമനക്കുട്ടന്‍റെ വീടിന് മുകളിലും മരം കടപുഴകി വീട് ഭാഗികമായി തകർന്നു. കേളമംഗലം സ്വദേശിനി ആനന്ദവല്ലിയുടെ വീട് പൂർണമായി നിലം പതിച്ചു. വിധവയായ ആനന്ദവല്ലിയും വിദ്യാർഥിയായ രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുള്ളത്.
തലവടി, കേളമംഗലം, ചെക്കിടിക്കാട്, പച്ച പ്രദേശങ്ങളിൽ നിരവധി വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞു വീണു. ഗ്രാമീണ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ട് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.