സി.പി.എമ്മിൽ താരമൂല്യമുള്ള സ്ഥാനാർഥികളിൽ മുൻനിരയിലാണ് കെ.കെ. ശൈലജ. സിറ്റിങ് എം.എൽ.എ സണ്ണി ജോസഫിനെതിരെ ഇവർ എത്തിയതോടെ പേരാവൂരിലെ കളിയാകെ മാറി. കഴിഞ്ഞതവണ 3000ത്തിൽ പരം വോട്ടിന് സണ്ണി ജോസഫ് ജയിച്ച പേരാവൂരിൽ പോരാട്ടം കനത്തു. 2006ൽ പേരാവൂരിൽ വിജയക്കൊടി നാട്ടിയ പരിചയമുണ്ട് ശൈലജക്ക്. 2011 മുതൽ സണ്ണി ജോസഫിന്റെ കൈവശമാണ് മണ്ഡലം. എന്നാൽ, പഴയ ശൈലജയും സണ്ണിയുമല്ല ഇപ്പോൾ. ഒരാൾ കെ.പി.സി.സി പ്രസിഡന്റ്. മറ്റേയാൾ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയെന്ന നിലയിൽ തിളങ്ങിയയാളും. രണ്ടുപേരും വോട്ടർമാർക്ക് സുപരിചിതർ.
2011ൽ ശൈലജയെ തോൽപ്പിച്ച് അങ്കമാരംഭിച്ച പേരാവൂരിൽ സണ്ണി ജോസഫിന്റെ നാലാമൂഴമാണിത്.കഴിഞ്ഞതവണ 3172 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിലെ കെ.വി. സക്കീർ ഹുസൈനെയാണ് പരാജയപ്പെടുത്തിയത്. ശൈലജക്ക് നിയമസഭയിലേക്ക് ആറാമത്തെ മത്സരമാണിത്. പേരാവൂരിൽ മൂന്നാമത്തെയങ്കം. 2006ൽ പേരാവൂരിൽ കോണ്‍ഗ്രസിലെ എ.ഡി. മുസ്തഫയെ 9,099 വോട്ടിന് പരാജയപ്പെടുത്തി.കഴിഞ്ഞതവണ മട്ടന്നൂരിൽ 60,000ത്തിൽ പരം ഭൂരിപക്ഷത്തിന് വിജയിച്ച ശൈലജയെ സിറ്റിങ് സീറ്റ് നൽകാതെ പേരാവൂരിലേക്ക് മാറ്റി ഒതുക്കിയെന്ന വിമർശനമുണ്ട്. എന്നാൽ, പേരാവൂർ പിടിച്ചെടുക്കാനാണ് നിയോഗിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം.
10 വർഷത്തെ വികസനം തന്നെയാണ് എൽ.ഡി.എഫിന്റെ പ്രചാരണായുധം. മലയോര മേഖലയിലെ റോഡുകൾ, ആനമതിൽ നിർമാണം തുടങ്ങിയവയാണ് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. ഇരിട്ടി നഗരസഭ ഉൾപ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളാണ് മണ്ഡല പരിധിയിലുള്ളത്. ഇരിട്ടി നഗരസഭയും മൂന്ന് പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫ്. അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 23,481 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് മണ്ഡലത്തിൽ ലഭിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിൽ 12,000ത്തോളം വോട്ടിന്റെയും. അഭിമാനപോരാട്ടമാണ് ഇരുവർക്കും. ആര് തോറ്റാലും അത് പാർട്ടികളിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കും. മത്സരം കടുത്തതോടെ രാപ്പകൽ പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. ഇരുവർക്കും രണ്ടുവീതം അപരന്മാരുമുണ്ട്. ശൈലജ എ.വി, സി. ശൈലജ, സണ്ണി, സണ്ണി ജോസഫ് എന്നിവരാണ് ഇവർ. ബി.ഡി.ജെ.എസിലെ പൈലി വാത്യാട്ടാണ് എൻ.ഡി.എ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.