തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷേക് ദർവേശ് സാഹിബ് ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കേ പുതിയ ഡി.ജി.പി ആരെന്ന ചോദ്യം ശക്തമാകുന്നു. തുടക്കംമുതൽ സമ്പൂർണ സസ്പെൻസ് തുടർന്ന സർക്കാർ, കൃത്യമായ യോഗ്യതയില്ലാത്തവരെകൂടി തിരുകിക്കയറ്റി ആറുപേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചത് കൂടുതൽ ദുരൂഹതയുണ്ടാക്കി. ഇതിൽ നിരവധി ആരോപണങ്ങൾ നേരിടുന്ന, 30 വർഷത്തെ സർവിസും ഡി.ജി.പി ഗ്രേഡുമില്ലാത്ത എം.ആർ. അജിത്കുമാറിനെയും ഉൾപ്പെടുത്തിയത് വിവാദമായി.
ഇതിനിടെ പട്ടികയിൽ കൂടുതൽ സാധ്യത കൽപിക്കപ്പെട്ട യോഗേഷ് ഗുപ്തയോട് എതിർപ്പ് പ്രകടമാക്കിയുള്ള സ്ഥലംമാറ്റവും ക്ലിയറൻസ് സർട്ടിഫിക്കറ്റ് വൈകിപ്പിക്കലും സർക്കാറിൽനിന്നുണ്ടായി. കൂത്തുപറമ്പ് വെടിവെപ്പിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് ഹൈകോടതി കുറ്റമുക്തനാക്കുകയും ചെയ്ത രണ്ടാമനായ രവത ചന്ദ്രശേഖറിനോടുള്ള വിയോജിപ്പും ഇതിനിടെ പുറത്തുവന്നു. അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിന് കേരള കേഡറിലേക്ക് തിരിച്ചയച്ച നിധിൻ അഗർവാളാണ് പട്ടികയിലെ ഒന്നാമൻ. നിലവിൽ റോഡ് സുരക്ഷ കമീഷണറായ നിധിൻ അടുത്തവർഷം ജൂലൈയിൽ വിരമിക്കും. അദ്ദേഹം പൊലീസ് മേധാവിയായാൽ ഒരുവർഷത്തെ സർവിസ് നീട്ടിക്കൊടുക്കണമെന്നാണ് നിയമം.
ബാക്കി മൂന്നുപേരിൽ മനോജ് എബ്രഹാമും സുരേഷ് രാജ് പുരോഹിതും എം.ആർ. അജിത്കുമാറുമാണുള്ളത്. ഇതിൽ സുരേഷ് രാജ് പുരോഹിതിനും അജിത്കുമാറിനും ഡി.ജി.പി റാങ്കോ 30 വർഷത്തെ സർവിസോ ഇല്ല. തൃശൂർ പൂരം കലക്കൽ ആരോപണത്തിൽ അജിത്കുമാറിന് വീഴ്ചപറ്റിയെന്ന റിപ്പോർട്ട് പൊലീസ് മേധാവി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. മൂന്നംഗ ചുരുക്കപ്പട്ടിക തയാറാക്കാനുള്ള യു.പി.എസ്.സി യോഗം 26ന് ഡൽഹിയിൽ ചേരുമെന്നാണ് വിവരം. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് മൂന്നുപേരെ തെരഞ്ഞെടുത്ത് സംസ്ഥാനത്തിന് കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.