കടപ്പുറം പഞ്ചായത്ത്​ മുസ്​ലിം ലീഗിലെ തർക്കം തീർക്കാനെത്തിയ പാണക്കാട് മുഈനലി തങ്ങളെ അപമാനിച്ചെന്ന്​

ചാവക്കാട് (തൃശൂർ): കടപ്പുറം പഞ്ചായത്തിലെ മുസ്​ലിം ലീഗിൽ ചേരിപ്പോര്. പരിഹാര ചർച്ചക്കെത്തിയ മുസ്​ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ ലീഗിലെ ഔദ്യോഗിക വിഭാഗം അപമാനിച്ചതായി ആരോപണം. കടപ്പുറം പഞ്ചായത്തിലെ ലീഗ് പ്രവർത്തകർക്കിടയിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ പരിഹാര ചർച്ചക്ക് ബുധനാഴ്ചയാണ് മുഈനലി ചാവക്കാട് എത്തിയത്.

വൈകീട്ട് മുഈനലി തങ്ങൾ ചാവക്കാട് ലീഗ് ഓഫിസിൽ എത്തുമെന്നും കടപ്പുറത്തെ ഔദ്യോഗിക വിഭാഗത്തോട് ചർച്ചയിൽ പങ്കെടുക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഒരാൾ പോലും തങ്ങളെ കാണാൻ പോയില്ല. മാത്രമല്ല, പലരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കുകയും ചിലർ ഫോൺ എടുക്കാതിരിക്കുകയും ചെയ്തു.

പിന്നീട്​ യൂത്ത് ലീഗ് ഭാരവാഹി ഫോൺ എടുക്കുകയും പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോടും പോ​േകണ്ട എന്ന് പറഞ്ഞതായും എതിർ വിഭാഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതോടെ അഞ്ചങ്ങാടിയിലെ മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറിയെ മുഈനലി ശിഹാബ് തങ്ങൾ പ്രതിഷേധം അറിയിക്കുകയും ചെയ്തുവത്രെ.

മുഈനലി തങ്ങളെ ചാവക്കാടുവരെ വരുത്തിയിട്ട് അപമാനിക്കുന്ന വിധം ബഹിഷ്കരിച്ച് വിടുകയായിരുന്നുവെന്നും പറയുന്നു. എന്നാൽ, മുഈനലി ശിഹാബ് തങ്ങളെ അപമാനിച്ചെന്നത് അവാസ്തവമാണെന്നും തങ്ങളുമായി ഫോണിൽ സംസാരിച്ചതായും തെരഞ്ഞെടുപ്പിനുശേഷം പ്രശ്ന പരിഹാര ചർച്ച നടത്താമെന്നും പറഞ്ഞതായി ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - who came to settle the dispute in the Kadappuram Panchayat Muslim League, said that they were insulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.