കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന് രൂക്ഷ വിമർശനം. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്ന് അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ഡി.ജി.പിയുടെ യോഗത്തിന് പോയെന്ന് പൊലീസ് പറയുന്നു. ഉദ്യോഗസ്ഥനല്ല റിപ്പോർട്ടാണ് കോടതിക്ക് ആവശ്യമെന്നും ജഡ്ജി വ്യക്തമാക്കി.
സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കുന്ന ഘട്ടത്തിലാണ് കോടതിയുടെ ഈ പരാമർശം. നിലവിൽ കോടതിക്ക് മുന്നിലുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ള റിപ്പോർട്ടാണ്. പ്രത്യേക അന്വേഷണ സംഘം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തയാറാക്കിയ പുതിയ റിപ്പോർട്ട് ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. കോടതി നടപടികൾ ഒന്നും പ്രോസിക്യൂഷൻ പാലിച്ചില്ലെന്നും ഒരു വരി റിപ്പോർട്ട് പോലും കോടതിയിൽ ഹാജരാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് ഇന്ന് പരിഗണിക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പേ അറിയിച്ചിരുന്നതാണെന്നും എന്നിട്ടും റിപ്പോർട്ട് സമർപ്പിക്കാതെ ഉദ്യോഗസ്ഥർ മീറ്റിംഗിന് പോയത് എങ്ങനെ ശരിയാകുമെന്നും കോടതി ചോദിച്ചു. കേസിൽ ഉടൻ തന്നെ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി, ജാമ്യാപേക്ഷകൾ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.