കെ.സി വേണുഗോപാൽ
തൃശൂർ: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിലെ യഥാർഥ പ്രതികളെ പിടികൂടാൻ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി സർക്കാറിന്റെ എസ്.ഐ.ടി അന്വേഷണം വെറും പ്രഹസനമാണ്. അത് ശരിയായ ദിശയിലല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണിത്. വിശ്വാസികളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. കേന്ദ്രസർക്കാർ നിയമിച്ച ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെയാണ് ഈ കൊള്ള നടന്നത്. തെളിവുകൾ നശിപ്പിക്കാനായി സി.സി.ടി.വി ദൃശ്യങ്ങൾ മനപൂർവം മായ്ച്ചുകളഞ്ഞതും സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും വ്യക്തമായ തെളിവുകളാണ്. തട്ടിപ്പ് നടത്തിയ ട്രസ്റ്റിനെ ഇതുവരെ പിരിച്ചുവിട്ടില്ല. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വഞ്ചിച്ച ഈ വലിയ അഴിമതിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാലിക്കുന്ന മൗനം കുറ്റവാളികൾക്കുള്ള മൗനാനുവാദമാണ്. സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ എന്തുകൊണ്ടാണ് അവർ തയാറാകാത്തത് -വേണുഗോപാൽ ചോദിച്ചു.
ഈ മാസം 20ന് ആരംഭിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ കോൺഗ്രസ് ഈ വിഷയം ശക്തമായി ഉന്നയിക്കുകയും പ്രധാനമന്ത്രിയുടെ മറുപടി ആവശ്യപ്പെടുകയും ചെയ്യും. ഭക്തിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ഈ അഴിമതി ഭരണകൂടത്തിനെതിരെ കോൺഗ്രസ് രാജ്യമൊട്ടാകെ ശക്തമായ പോരാട്ടം തുടരും. അയോധ്യക്ക് പുറമെ ബദരീനാഥിലും കേദാർനാഥിലും സമാനമായ അഴിമതി ആരോപണങ്ങൾ ഉയരുന്നത് ബി.ജെ.പി ഭരണത്തിന് കീഴിൽ ക്ഷേത്രങ്ങൾ എങ്ങനെ കൊള്ളയടിക്കപ്പെടുന്നു എന്നതിന്റെ നേർചിത്രമാണെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.