വിളപ്പിൽ: കൊച്ചു മക്കളെ മടിയിലിരുത്തി ലാളിക്കാൻ കൊതിച്ച മനസുകൾ. പക്ഷേ, ജീവിതയാത്രയ്ക്കിടയിൽ മനസിന്റെ താളം തെറ്റിയതോടെ ഉറ്റവർക്ക് അവർ ഭാരമായി. സ്ത്രീകളും പുരുഷന്മാരുമടക്കം അൻപതോളം അന്തേവാസികളുടെ തണലിടമാണ് ഇന്ന് അഭയ ഗ്രാമം.
മനോരോഗാശുപത്രിയിൽ രോഗം ഭേദമായിട്ടും കൂട്ടിക്കൊണ്ടു പോകാൻ ആരുമില്ലാതെ ഇവർ കഴിഞ്ഞത് വർഷങ്ങളോളം. ഇവരുടെ സങ്കടങ്ങളറിഞ്ഞ് കവയത്രി സുഗതകുമാരിയാണ് വർഷങ്ങൾക്ക് മുമ്പ് പേയാട് മഞ്ചാടിയിലെ അഭയ ഗ്രാമത്തിലേക്ക് ഈ നിരാലംബരെ കൂട്ടിക്കൊണ്ടു വന്നത് ഉറ്റവർ ഉപേക്ഷിച്ച ഇവരുടെ പ്രാർഥന കേട്ടിട്ടുണ്ടാവണം ഈശ്വരന്മാർ. ഇന്നലെ ഒരു പറ്റം കുട്ടിപട്ടാളം മാതൃവാത്സല്യത്തിന്റെ മധുരം നുകരാൻ അവർക്കരികിലെത്തി.
പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ എൻ.സി.സി കേഡറ്റുകളാണ് കൈനിറയെ സമ്മാനങ്ങളും, മനസു നിറയെ സ്നേഹവുമായി അഭയയിൽ എത്തിയത്. തങ്ങൾക്കരികിലേക്ക് ഓടിയെത്തിയ കുഞ്ഞുങ്ങളെ തഴുകാനും തലോടാനും അഭയയിലെ അന്തേവാസികൾ മത്സരിച്ചു. വിധി നഷ്ടപ്പെടുത്തിയ, ജീവിതത്തിൽ പലപ്പോഴും കൊതിച്ച അപൂർവ നിമിഷത്തിന്റെ പൂർണതയായിരുന്നു അവർക്കത്. ഒപ്പം അനാഥത്വം മറന്ന ഇത്തിരിനേരവും.
എൻ.സി.സി കേഡറ്റുകൾ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് അഭയയിൽ എത്തിയത്. നിത്യോപയോഗ സാധനങ്ങൾ, പുതുവസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, തുടങ്ങി ഒരുപാട് സമ്മാനങ്ങളും അവർ അമ്മമാർക്കായി കരുതിയിരുന്നു. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, ഹെഡ്മിസ്ട്രസ് ശ്രീദേവി, എൻ.സി.സി കെയർടേക്കർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ അഭയ ഗ്രാമത്തിൽ എത്തിയത്.
അന്തേവാസികൾക്കൊപ്പം അഭയ മാനേജർ സുബ്രഹ്മണ്യം, സോഷ്യൽ വർക്കർമാരായ ഹൈമ, അനീറ്റ, പരിശീലക താര എന്നിവർ ചേർന്ന് കുട്ടിപ്പട്ടാള്ളത്തെ സ്വീകരിച്ചു. രാവിലെ മുതൽ ഉച്ചവരെ അന്തേവാസികളും കുട്ടികളും കുശലം പറഞ്ഞും പാട്ടുകൾ പാടിയും ചിലവഴിച്ചു. കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചശേഷമാണ് കുട്ടികൾ മടങ്ങിയത്. യാത്ര പറയുമ്പോൾ ഇനിയും വരാമെന്ന വാക്കും, സ്നേഹ ചുംബനങ്ങളും നൽകാനും കുട്ടിപട്ടാളം മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.