കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളിലെയും മുഴുവൻ വി.വി പാറ്റുകളും എണ്ണണമെന്ന നിലപാടിൽ പിറകോട്ടില്ലെന്ന് യു.ഡി.എഫ്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാമിലെ സ്‌ട്രോങ് റൂമിനോടുചേർന്നുള്ള മെറ്റീരിയൽ റൂമിൽ ഡയറി മറന്നുവെച്ചു എന്ന് പറഞ്ഞ് അകത്തു കയറിയ ഉദ്യോഗസ്ഥർ ലാപ്ടോപ്പുകളുമായി രണ്ടുമണിക്കൂറോളം എന്തെടുക്കുകയായിരുന്നുവെന്ന് കോഴിക്കോട് നോർത്ത് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ ജയന്ത് ചോദിച്ചു. ഇ.വി.എമ്മിൽ അട്ടിമറി നടത്തിയതായി തങ്ങൾ സംശയിക്കുന്നുണ്ടെന്നും ജയന്ത് ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.
ഇക്കാര്യമുന്നയിച്ച് കോഴിക്കോട്ടെ ആറു യു.ഡി.എഫ് സ്ഥാനാർഥികൾ കഴിഞ്ഞദിവസം സംസ്ഥാന ചീഫ് ഇലക്‌ട്രറൽ ഓഫീസർ രത്തൻ ഖേൽക്കർക്ക് കത്തുനൽകിയിരുന്നു. കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ കെ. പ്രവീൺകുമാർ, എം.എ. റസാഖ് മാസ്റ്റർ, കെ. ജയന്ത്, ഫൈസൽ ബാബു, ഫാത്തിമ തഹ്‍ലിയ, വി.ടി. സൂരജ് എന്നിവരാണ് കമീഷന് പരാതി നൽകിയത്.
ജെ.ഡി.ടിയിലെ മെറ്റീരിയല്‍ റൂമില്‍ ഉദ്യോഗസ്ഥര്‍ പ്രവേശിച്ച സംഭവം ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാം. ഭരണഘടനയുടെ 324-ാം അനുച്ഛേദ പ്രകാരം സ്വതന്ത്രവും നീതിപൂര്‍ണവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്നും യു.ഡി.എഫ് നേതാക്കള്‍ പരാതിയില്‍ സൂചിപ്പിക്കുന്നു. പേരാമ്പ്രയിലെ സ്ട്രോങ് റൂമിന് സമീപത്തെ മുറി തുറന്ന സംഭവത്തിലും കൊയിലാണ്ടി മണ്ഡലം റിട്ടേണിങ് ഓഫിസര്‍ സ്ട്രോങ് റൂമിന് സമീപത്തെത്തിയ വിഷയത്തിലും നടപടികളുണ്ടായില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
ജില്ല കലക്ടറുടെ അനുമതിയോടെയാണ് സ്ട്രോങ് റൂമിന് സമീപത്തെ മുറി തുറന്നതെന്നും പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്ത കലക്ടറുടെ നടപടി വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയയില്‍നിന്നും ആരോപണ വിധേയരായ രണ്ട് വരണാധികാരികളെയും മാറ്റണം. സ്ട്രോങ് റൂമിന്റെ സുരക്ഷാവലയത്തിൽ പ്രവേശിച്ച കൊയിലാണ്ടിയിലെ റിട്ടേണിങ് ഓഫീസർക്ക് നോട്ടീസ് നൽകിയതല്ലാതെ ഒരു നടപടിയും കലക്ടർ സ്വീകരിച്ചില്ല.
പേരാമ്പ്രയിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നുപറഞ്ഞെങ്കിലും അതുമുണ്ടായില്ല. കലക്ടർ അട്ടിമറിക്ക് കൂട്ടുനിന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഏപ്രിൽ 20ന് രാവിലെ 11.15 മുതൽ ഉച്ച 1.50 വരെയുള്ള സമയം എന്താണ് പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂമിൽ നടന്നതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. എല്ലാം ഹാക്കുചെയ്യപ്പെടുന്ന കാലഘട്ടമാണ്. മെറ്റീരിയൽ റൂമിൽ കയറിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും കൈയിലുള്ള ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണം. അന്നത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.