കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ട് ഹാജരാകണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഹരജി ഹൈകോടതി തള്ളി.
നേരിട്ട് ഹാജരാകണമെന്ന നിർദേശത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ.നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിംഗിൾബെഞ്ച് ഉത്തരവ് ഹരജിക്കാർ പാലിക്കണം. തന്റെ ഭാഗത്ത് വസ്തുതകളുണ്ടെങ്കിൽ ഹരജിക്കാരന് അതേ ബെഞ്ചിൽ നിന്ന് ഇളവ് തേടാവുന്നതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കശുവണ്ടി വികസന കോർപറേഷൻ 2006-15 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്ന കേസിൽ പ്രതികളുടെ വിചാരണക്ക് അനുമതി തേടി നൽകിയ അപേക്ഷ മൂന്നാം തവണയും നിരസിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ സിംഗിൾബെഞ്ച് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
മുഖ്യപ്രതികളായ കോർപറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാനാണ് സി.ബി.ഐ അനുമതി തേടിയത്. ഹൈകോടതി ഉത്തരവ് മറികടന്നാണോ വ്യവസായ സെക്രട്ടറി പ്രവർത്തിച്ചതെന്ന് വാദത്തിനിടെ ഡിവിഷൻ ബെഞ്ച് ചോദിച്ചു. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് വിചാരണ അനുമതിയിൽ തീരുമാനമെടുക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
സി.ബി.ഐയുടെ അന്തിമ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമായിരുന്നു നിർദേശം. എന്നാൽ, കേസിനാധാരമായ അസംസ്കൃത കശുവണ്ടി ഇറക്കുമതിയിൽ നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയുടെ അപേക്ഷ സർക്കാർ മൂന്നുവട്ടം നിരസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.