തിരുവനന്തപുരം: സ്ത്രീപക്ഷ സർക്കാറെന്ന് ഊറ്റം കൊള്ളുന്നവർ കേരളത്തിന്റെ അഭിമാനമായ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
സ്ത്രീസുരക്ഷ പദ്ധതിയെ തുടക്കം മുതൽ അപഹസിക്കാൻ തയാറായ യു.ഡി.എഫ് നേതൃത്വമാണ് ഇപ്പോൾ പദ്ധതിയെ തന്നെ തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അണിയറയിൽ തയാറാക്കുന്നത്. രണ്ടു മാസത്തെ പെൻഷൻ നൽകാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുന്നു. ഈ നിലപാട് സർക്കാർ തിരുത്തണം -പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസമായ പെൻഷനാണ് സർക്കാറിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയത്. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെൻഷൻ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലിൽ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുന്ന നിലയിലാണ്.
ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണെന്നും അവരുടെ അധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീംകോടതി ചരിത്രപരമായ വിധിയിലൂടെ നിരീക്ഷിച്ചത് ഇക്കഴിഞ്ഞ ജൂൺ 11നാണ്. അതിനും വളരെമുമ്പേ, 2025 ഒക്ടോബറിലാണ് എൽ.ഡി.എഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാമാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീസുരക്ഷ പദ്ധതി നടപ്പിലാക്കിയത്. 31.34 ലക്ഷം പേർ ഇതിന്റെ ഗുണഭോക്താക്കളാണ്.
വീട്ടകങ്ങളിൽ തളയ്ക്കപ്പെട്ട സ്ത്രീകൾ നിർവഹിക്കുന്ന ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുവാനാണ് സ്ത്രീസുരക്ഷ പദ്ധതിയിലൂടെ എൽ.ഡി.എഫ് സർക്കാർ തയാറായത്. 3720 കോടി രൂപ എൽ.ഡി.എഫ് സർക്കാർ അവസാനത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചു. മാർച്ച് വരെ പെൻഷൻ നൽകുകയും ചെയ്തെന്നും പിണറായി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.