തിരുവനന്തപുരം: ട്രെയിനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആവർത്തിക്കാൻ കാരണം സുരക്ഷയൊരുക്കുന്നതിൽ റെയിൽവേ കാട്ടുന്ന നിസ്സംഗത. തലസ്ഥാനത്ത് മദ്യപൻ യുവതിയെ കേരള എക്സ്പ്രസിൽനിന്ന് ചവിട്ടി ട്രാക്കിലിട്ട സംഭവമാണ് ഈ ശൃംഖലയിലെ ഒടുവിലത്തേത്. വനിത യാത്രക്കാരുടെ സുരക്ഷക്കായി പ്രഖ്യാപിച്ച ‘മേരി സഹേലി’ അടക്കം കോച്ചുകളിൽ സുരക്ഷയൊരുക്കാൻ മതിയായ ഉദ്യോഗസ്ഥരില്ല.

കോടികൾ മുടക്കി സുരക്ഷാസംവിധാനങ്ങൾ ഒരുക്കുമ്പോഴും താഴേത്തട്ടിൽ അത് കൃത്യമായി നടപ്പാക്കാത്തതിലെ പാളിച്ചകളാണ് കുറ്റകൃത്യങ്ങൾക്ക് അവസരമൊരുക്കുന്നത്. 1989ലെ റെയിൽവേ ആക്ട് പ്രകാരം ലഹരിവസ്തുക്കൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണെങ്കിലും ഇത് പരിശോധിക്കാൻ സംവിധാനമില്ല. ഓട്ടോമാറ്റിക് ഡോറുകൾ എന്ന ആവശ്യത്തിനും പരിഹാരമില്ല.

വർക്കലയിൽ അതിക്രമത്തിനിരയായ യുവതി യാത്രചെയ്തത് ജനറൽ കോച്ചിലാണ്. റെയിൽവേയുടെ ഔദ്യോഗിക കണക്ക് പ്രകാരം മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്തവരിൽ 36 ശതമാനം വനിതകളാണ്. ബുക്ക് ചെയ്യാതെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്ര ചെയ്യുന്നവരുടെ കണക്ക് ലഭ്യമല്ല. ജനറൽ കോച്ചുകളെ ആശ്രയിക്കുന്ന വലിയ വിഭാഗം സ്ത്രീകളുടെ കൃത്യമായ വിവരം പോലും റെയിൽവേയുടെ പക്കലില്ല.

കുറ്റകൃത്യം നടന്നാലേ സുരക്ഷയൊരുക്കൂ

സുരക്ഷ ക്രമീകരണങ്ങൾ നിർണയിക്കാനുള്ള റെയിൽവേയുടെ വിചിത്ര മാനദണ്ഡങ്ങളാണ് മറ്റൊരു പ്രശ്നം. മുൻകാല കുറ്റൃകൃത്യങ്ങളുടെ ഡാറ്റ പരിശോധിച്ചാണ് റെയിൽവേ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ഫലത്തിൽ കുറ്റകൃത്യങ്ങൾ നടന്നാലേ സുരക്ഷ ഒരുക്കൂവെന്നർഥം.

വൈകീട്ട് ആറിനും രാവിലെ ആറിനും ഇടയിലേ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കാറുള്ളൂ. 63,051 ആർ.പി.എഫ് ജീവനക്കാരാണ് രാജ്യത്താകെയുള്ളത്. ഇതില്‍ 5900 പേർ മാത്രമാണ് വനിതകൾ -9.36 ശതമാനം. സൗമ്യ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വനിത കോച്ചുകൾ ട്രെയിനിന്‍റെ അവസാന ഭാഗത്തുനിന്ന് മധ്യത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും പൂർണമായി നടപ്പായില്ല.

എങ്ങുമെത്താതെ ‘മേരി സഹേലി’

വനിത യാത്രക്കാരുടെ സുരക്ഷക്കായി ‘മേരി സഹേലി’ പദ്ധതിയിലൂടെ 245 സംഘങ്ങളിലായി 700 വനിത ഉദ്യോഗസ്ഥരെ ദിവസേന വിന്യസിക്കുന്നുണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം. സുരക്ഷിത അന്തരീക്ഷത്തിൽ യാത്ര സുഗമമാക്കുക, വനിത ശാക്തീകരണം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ഒറ്റക്ക് യാത്ര ചെയ്യുന്ന വനിതകളുടെ സീറ്റ് വിവരങ്ങൾ ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനുകളിൽ ശേഖരിച്ച് ആവശ്യമായ സുരക്ഷയൊരുക്കലാണ് ഇതിലൂടെ നടക്കുന്നത്. ഇടക്കുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ഡ്യൂട്ടി ചെയ്യുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥർ ട്രെയിനുകളിൽ പരിശോധന നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് സങ്കൽപ്പം. ദക്ഷിണ റെയിൽവേയിൽ 17 മേരി സഹേലി ടീമുകളാണുള്ളത്. കേരളത്തിലാകട്ടെ തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിൽ മാത്രവും. 

Tags:    
News Summary - What safety is there on trains?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.