തിരുവനന്തപുരം: അടിസ്ഥാന വിഭാഗത്തെ മറന്നുപോയതിന്റെ ഫലമാണ് എൽ.ഡി.എഫ് അനുഭവിച്ചതെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ നന്ദിപ്രമേയ ചർച്ചയിൽ ആരോപിച്ചു. സി.പി.എമ്മിന്റെ യഥാർഥ പരാജയ കാരണം വിശകലനം ചെയ്യുന്ന ചർച്ചകളാണോ ഇപ്പോൾ നടക്കുന്നതെന്ന സംശയമുണ്ട്. സി.പി.എമ്മിന് വലിയ വേരോട്ടമുള്ള പയ്യന്നൂരിലും തളിപ്പറമ്പിലുമെല്ലാമാണ് തോറ്റത്. തോറ്റിട്ടും യഥാർഥ കാരണം മനസിലാക്കാൻ ശ്രമിക്കാതെ ന്യൂനപക്ഷ വർഗീയത ഉറഞ്ഞുതുള്ളിയതാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കൾ പറയുന്നത്. കമ്യൂണിസ്റ്റുകാരാണ് എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്തതെന്ന സത്യം ഇനിയെങ്കിലും മനസിലാക്കണം. ചില നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് തോറ്റുവെന്നതിന് ഉത്തരം നിങ്ങൾ ജനാധിപത്യം അനുവദിച്ചുകൊടുത്തില്ല എന്നത് തന്നെയാണ്.
വികസനത്തിൽ അടിസ്ഥാന വർഗത്തെ നിങ്ങൾ മറന്നുപോയി. മുമ്പ് അബദ്ധത്തിൽ ബി.ജെ.പിക്കായി ഒരാൾ നിയമസഭയിൽ വന്നു. ഇപ്പോൾ മൂന്ന് പേരെത്തി. ഭാവിയിൽ എത്ര പേർ എത്തുമെന്ന് അറിയില്ല. കേരള രാഷ്ട്രീയം ബംഗാളിന് സമാനമാവുകയാണ്. ആ വിപത്തിനെ പ്രതിരോധിക്കാൻ രണ്ട് മുന്നണികൾക്കും സാധിക്കണം. അസഹിഷ്ണുത അവസാനിപ്പിക്കാൻ സി.പി.എമ്മുകാർ തയാറാകണം. തന്നെ തന്റെ ബൂത്തിൽ പോലും ആളെ വിട്ട് കൂകിച്ചു. എന്നിട്ടും ആ ബൂത്തിൽ വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. സി.പി.എമ്മിലേക്ക് മറ്റ് പാർട്ടിയിൽ നിന്ന് എത്രപേർ എത്തിയിട്ടുണ്ട്. അന്നൊന്നും കോൺഗ്രസും ബി.ജെ.പിയും കാണിക്കാത്ത അസഹിഷ്ണുതയാണ് സി.പി.എം കാണിക്കുന്നതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: തട്ടിക്കൂട്ട് നയപ്രഖ്യാപനമാണ് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ. പ്രായോഗിക തലത്തിൽ യാതൊരു ബന്ധവുമില്ലാത്ത നയപ്രഖ്യാപനമാണിത്. വന്ദേമാതര അവതരണം പോലും വിമർശിക്കപ്പെട്ടു. ഭാരതത്തിന്റെ ആധ്യാത്മികതയുടെ അടിത്തറയിൽ നിന്നെഴുതിയ ഈ വരികളിൽ എവിടെയാണ് വർഗീയതയെന്ന് ഉദാഹരണ സഹിതം അദ്ദേഹം ചോദിച്ചു. 63 ആണോ 22 ആണോ വലുതെന്ന് നിലപാടുകളുടെ രാജകുമാരനായ മുഖ്യമന്ത്രി തെളിയിക്കേണ്ട ദിവസങ്ങളാണ് വരാൻ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.