തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും നൽകാൻ പി.എസ്.സി തീരുമാനം. രഹസ്യാത്മകതയുടെ പേരിൽ ഈ വിവരങ്ങൾ തടയേണ്ടതില്ലെന്ന് തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗമാണ് തീരുമാനിച്ചത്.
പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെയും മറ്റ് അംഗങ്ങളുടെയും മൊബൈൽ നമ്പറുകൾ, ആസൂത്രണ ബോർഡ് പരീക്ഷ ചോദ്യപേപ്പർ തയാറാക്കുകയും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുകയും ചെയ്ത അധ്യാപകരുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവയാണ് എസ്.ഐ.ടി ആവശ്യപ്പെട്ടത്. നേരത്തെ അധ്യാപകരുടെ വിവരങ്ങൾ അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും രഹസ്യാത്മകത പറഞ്ഞ് നൽകിയില്ല. കേസെടുത്തതോടെ അന്വേഷണവുമായി സഹകരിക്കാൻ പി.എസ്.സി തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഫലമായാണ് ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും കൈമാറാൻ തയാറായത്.
ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം പി.എസ്.സിക്ക് കത്ത് നൽകിയത്. ഒമ്പത് മുതൽ 18 വരെയുള്ള 58 മാർക്കിന്‍റെ പത്ത് ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണയം നടത്തിയില്ലെന്നതാണ് ആക്ഷേപം. ഒന്നാംറാങ്ക് ജേതാവ് അരുണ്‍ ജെ. പ്രതാപിനെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.