തിരുവനന്തപുരം: കാപ്പാ പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ മന്ത്രിയുടെ നിർദേശം മറികടന്ന് അനുകൂല നടപടി സ്വീകരിച്ച തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമക്ക് സസ്പെൻഷൻ. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന തിരുവനന്തരം കോർപറേഷനിലെ ബിജെപി കൗൺസിലറായ ആർ സുഗതന് അനുകൂലമായാണ് ചിത്ര കത്ത് നൽകിയത്. മന്ത്രിയുടെയും മന്ത്രിതല സെക്രട്ടറിയുടെയും നിർദ്ദേശങ്ങൾ മറികടന്നുകൊണ്ട് കെ.എ.എസ് ഉദ്യോഗസ്ഥയായ ചിത്ര നിലപാട് സ്വീകരിക്കുകയായിരുന്നു.
സുഗതന് ആനുകൂല്യം ലഭിക്കാൻ ഫയലിൽ ദുരുദ്ദേശത്തോടെ മാറ്റങ്ങളും കൂട്ടിച്ചേർക്കലും വരുത്തുകയും അധികാര ദുർവിനിയോഗവും പെരുമാറ്റ ദൂഷ്യവും നടത്തിയതായി സർക്കാർ ശ്രദ്ധയിൽപ്പെട്ടതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ബിജു ഉത്തരവ് ഇറക്കിയത്.
വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി മേയർ വി.വി. രാജേഷിനാണ് സുഗതൻ കത്ത് നൽകിയിരുന്നത്. കാപ്പാ പ്രതി കത്ത് നൽകിയ കാര്യം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിക്കുകയും, തുടർന്ന് 13-ാം തീയതി ആഭ്യന്തര വകുപ്പ് ഈ കത്ത് തദ്ദേശ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. ആദ്യം തദ്ദേശ വകുപ്പിലെ അസിസ്റ്റന്റ് ഈ കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടതില്ല എന്ന് എഴുതിയിരുന്നു. എന്നാൽ അണ്ടർ സെക്രട്ടറി വഴി ഫയൽ കണ്ട സെക്രട്ടറി ഷാനവാസും മന്ത്രിയും ഇതിന് അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവ് മറികടന്നുകൊണ്ട് കെ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. ചിത്ര അരുണിമ, അപേക്ഷ വോട്ടിനിടാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 20-ാം തീയതി ലഭിച്ച കുറിപ്പ് അതേപടി പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.