രാജ്യത്ത് നിലനില്‍ക്കുന്നത് ജനാധിപത്യമല്ല, ഭൂരിപക്ഷാധിപത്യം -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്​: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 19 കേന്ദ്രങ്ങളില്‍ യൂനിറ്റി മീറ്റ് സംഘടിപ്പിച്ചു. കോട്ടയം തിരുനക്കര മൈതാനിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുറഹിമാന്‍ യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്തു.

ആര്‍.എസ്.എസും ബി.ജെ.പിയും നയിക്കുന്ന സംഘപരിവാര സംഘടനകള്‍ രാജ്യം നേരിടാന്‍ പോകുന്ന കനത്ത ഭീഷണിയാണെന്ന് കാലങ്ങള്‍ക്ക് മുന്നേ പറഞ്ഞ പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പിന്നിട്ട 30 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെയും ദീര്‍ഘവീക്ഷണത്തിലുടേയും പോപുലര്‍ ഫ്രണ്ട് ഇന്നിന്റെ പ്രസ്ഥാനമായി ഭാവിയുടെ പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. ആർ.എസ്.എസിനെതിരായ പോപുലര്‍ ഫ്രണ്ടിന്റെ പ്രവചനങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. അതിലൊട്ടും സന്തോഷിക്കുന്നവരല്ല ഞങ്ങള്‍. മതേതരത്തിന് ബദലായി തീവ്രഹിന്ദുത്വ വര്‍ഗീയതയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രവും രാഷ്ട്രീയ അജണ്ടയുമാണ് കേന്ദ്ര സര്‍ക്കാറിനെ നയിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത് ജനാധിപത്യമല്ല, ഭൂരിപക്ഷാധിപത്യമാണ്. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കും ഭൂരിപക്ഷത്തിനും തുല്യനീതിയും അവകാശവും ലഭിക്കേണ്ടതുണ്ട്. ഭരണരംഗത്ത് ആർ.എസ്.എസ്, ബി.ജെ.പി നിയന്ത്രണം ഈ രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം മുസ്ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല.

മുസ്ലിംകള്‍ക്ക് ഒരു ബാബരി മസ്ജിദാണ് നഷ്ടപ്പെട്ടതെങ്കില്‍ ക്രൈസ്തവരുടെ നിരവധി ആരാധനാലയങ്ങള്‍ സംഘപരിവാര്‍ തകര്‍ത്തുക്കൊണ്ടിരിക്കുകയാണ്. ലൗ ജിഹാദിലൂടെ നുണകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്തിയ സംഘപരിവാരം ഇന്ന് ഹിജാബിന്റെ പേരില്‍ കലാലയങ്ങളെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്.

മുസ്ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസം, മതം എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനാണ് സംഘപരിവാരം നിര്‍ബന്ധിക്കുന്നത്. അതുവഴി മുസ്ലിം പെണ്‍കുട്ടികളെ പിന്നാക്കാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ദുഷ്ടലാക്കാണ് സംഘപരിവാരത്തിനുള്ളത്.

ഇന്ന് മുസ്ലിംകളും ന്യൂനപക്ഷങ്ങളും ആർ.എസ്.എസിന്റെ വംശഹത്യ ഭീഷണി നേരിടുകയാണ്. ഇതിനെതിരെ മുസ്ലിംകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഒപ്പം മുഴുവന്‍ മതേതരകക്ഷികളും ചേര്‍ന്നുനിന്നുള്ള പോരാട്ടമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സോണല്‍ സെക്രട്ടറി കെ.കെ. ഹുസൈര്‍ സല്യൂട്ട് സ്വീകരിച്ചു.

ദേശീയ സെക്രട്ടറി നാസറുദീന്‍ എളമരം മലപ്പുറം വണ്ടൂരിലും മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ കോഴിക്കോട്​ പൂവ്വാട്ടുപറമ്പിലും ദേശീയ സമിതിയംഗങ്ങളായ മുഹമ്മദാലി ജിന്ന പത്തനംതിട്ടയിലും പ്രഫ. പി. കോയ കൊയിലാണ്ടിയിലും യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ മലപ്പുറം അങ്ങാടിപ്പുറത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ എറണാകുളം പള്ളുരുത്തിയിലും ഉദ്ഘാടനം നിര്‍വഹിച്ചു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച്. നാസര്‍ പൂവാറിലും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഫത്തഹുദീന്‍ റഷാദി കല്ലാറിലും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ്. നിസാര്‍ ഇടപ്പള്ളിക്കോട്ടയിലും സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍ ചാരുംമൂട്ടിലും യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്തു.

കൊല്ലം അഞ്ചലില്‍ സംസ്ഥാന സമിതിയംഗം എം.കെ. അഷ്റഫ്, വണ്ണപ്പുറത്ത് സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ ലത്തീഫ്, വാടാനപ്പള്ളിയില്‍ സംസ്ഥാന സെക്രട്ടറി സി.എ. റഊഫ്, വല്ലപ്പുഴയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ് എന്നിവരും ഉദ്ഘാടനം നടത്തി.

എടപ്പാളില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ കരമന അഷ്റഫ് മൗലവിയും കണ്ണൂരില്‍ എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവിയും വെള്ളമുണ്ടയില്‍ സംസ്ഥാന സമിതിയംഗം ബി. നൗഷാദും നീലേശ്വരത്ത് സംസ്ഥാന സമിതിയംഗം പി.വി. ഷുഹൈബും യൂനിറ്റി മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

വൈകീട്ട് 4.30നാണ് യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരന്ന യൂനിറ്റി മീറ്റും പൊതുസമ്മേളനവും ആരംഭിച്ചത്. സമ്മേളനത്തില്‍ സംഘടനയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ കേഡറ്റുകളില്‍നിന്നും സല്യൂട്ട് സ്വീകരിച്ചു.

പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി രാവിലെ യൂനിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. കോവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തിയത്. 

Tags:    
News Summary - What exists in the country is not democracy, but majority rule - Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.