മുൻ സർക്കാറിലെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്‍റെ അവസാന ശമ്പളം തടഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിലെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ അവസാന മാസത്തെ ശമ്പളം രണ്ടു മാസമായിട്ടും വിതരണം ചെയ്തില്ല. സർക്കാർ സർവിസിന് പുറത്തുനിന്നെത്തി പേഴ്സനൽ സ്റ്റാഫായി പ്രവർത്തിച്ചവർക്കാണ് മേയിലെ ശമ്പളം നൽകാത്തത്. സർക്കാർ സർവിസിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പേഴ്സനൽ സ്റ്റാഫിൽ പ്രവർത്തിച്ചവർക്ക് ജൂൺ രണ്ടിനുതന്നെ ശമ്പളം അനുവദിക്കുകയും ചെയ്തു.
പ്രൈവറ്റ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പേഴ്സനൽ അസിസ്റ്റന്റ്, അഡീഷനൽ പേഴ്സനൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് പേഴ്സനൽ അസിസ്റ്റന്റ് തുടങ്ങിയവർക്കാണ് ശമ്പളം ലഭിക്കാത്തത്. ഇവരുടെ ശമ്പള ബിൽ ഉൾപ്പെട്ട ഫയലിൽ സെക്രട്ടേറിയറ്റിലെ ഒരു താഴ്ന്ന കേഡറിലുള്ള ഉദ്യോഗസ്ഥനെഴുതിയ കുറിപ്പാണ് രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നതെന്നാണ് ആരോപണം.
ചുമതല ഒഴിയുന്ന ജീവനക്കാർക്ക് നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയ ശേഷം ശമ്പളം നൽകിയാൽ മതിയെന്നാണ് കുറിപ്പിലുള്ളത്. ഇത് മുൻകാലങ്ങളിലൊന്നും ഇല്ലാത്ത കീഴ്‌വഴക്കമാണ്. നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ശമ്പളത്തിന് ബാധകമാക്കാറില്ല. വിരമിക്കൽ ആനുകൂല്യങ്ങൾക്കാണ് ബാധകമാകുന്നത്.
ഈ സർട്ടിഫിക്കറ്റ് ശേഖരിച്ച് നൽകേണ്ട ഉത്തരവാദിത്തം ജീവനക്കാരനല്ല, സെക്രട്ടേറിയറ്റ് അക്കൗണ്ട്സ് വിഭാഗത്തിനാണ്. ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്കു മുന്നിൽ കൈമലർത്തുകയാണ് ബന്ധപ്പെട്ട സെക്ഷനുകൾ. മുൻ സർക്കാറിലെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.