സിദ്ധാർഥന്റെ മരണം: ഉത്തരവാദികളായ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണം -റസാഖ് പാലേരി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐയുടെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിദ്യാർഥി സംഘടനയുടെ ഉത്തരവാദപ്പെട്ട നേതാക്കൾക്ക് ഇത്തരത്തിലുള്ള ഭീകരത എങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്ന രക്ഷിതാക്കളുടെ നിഷ്കളങ്കമായ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരങ്ങളില്ല. മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ഹീനമായ അതിക്രമങ്ങളാണ് എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ കാമ്പസുകളിൽ എസ്.എഫ്.ഐ പൊലീസിങ് യാഥാർഥ്യമാണ്. അത് തുറന്ന് പറഞ്ഞ അധ്യാപകരും വിദ്യാർഥികളും നിരവധിയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് പോലും ഒരവസരത്തിൽ അത് തുറന്നു സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഭരണ പാർട്ടിയുടെ വിദ്യാർഥി നേതാക്കളാണ് തങ്ങളെന്ന അഹന്തയോടു കൂടിയാണ് കാമ്പസുകളിൽ എസ്.എഫ്.ഐ നേതാക്കൾ പെരുമാറുന്നത്.

സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നുണ്ട്. അങ്ങനെ കരുതാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്. അതിനാൽ നിഷ്പക്ഷമായ സമഗ്രാന്വേഷണം അനിവാര്യമാണ്. നേരിട്ടും അല്ലാതെയും കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണം. അപമാനകരമായ കാമ്പസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളീയ സമൂഹത്തിൽ നിന്ന് യോജിച്ച സമീപനം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Tags:    
News Summary - welfare party about Wayanad Siddharth Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.