സംസ്ഥാന ബജറ്റ് ജനങ്ങളെ കൊള്ളയടിക്കുമെന്ന സർക്കാർ പ്രഖ്യാപനം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക ക്രമീകരണത്തിലെ പരാജയവും ജനങ്ങളുടെ മേൽ നികുതിഭാരമായി കെട്ടിവെച്ച് പരിഹരിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയാണ് ബജറ്റെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.

മുഴുവൻ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പെട്രോൾ - ഡീസൽ ഇന്ധന സെസ് വഴി 780 കോടി വരുമാനം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് എല്ലാ മേഖലകളിലും വിലവർധനക്ക് കാരണമാകും.

കെട്ടിടനികുതി, വൈദ്യുതി നിരക്ക്, മോട്ടോർ വാഹന നികുതി, കോർട്ട് ഫീ തുടങ്ങി ജനങ്ങളെ ദ്രോഹിക്കാൻ എല്ലാ വഴിയിലൂടെയും സർക്കാർ ശ്രമിച്ചിട്ടുണ്ട്. മദ്യവും ലോട്ടറിയും ഇന്ധനവും ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാമെന്ന ലളിത യുക്തിക്കപ്പുറം മറ്റൊരാശയവും സർക്കാറിനില്ല.

പതിനായിരക്കണക്കിന് രൂപയുടെ അധിക ബാധ്യത കെട്ടിയേൽപ്പിച്ചിട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി അനുവദിച്ചു എന്നു പറയുന്നത് ജനങ്ങളെ പരിഹസിക്കലാണ്. ക്ഷേമപെൻഷനിലും ആശ്വാസ പദ്ധതികളില്ല. തീരദേശ വികസനത്തിന് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ച തുക ചെലവഴിച്ചില്ല എന്ന് മാത്രമല്ല പുതിയ ബജറ്റിൽ വളരെ കുറഞ്ഞ തുകയാണ് മാറ്റിവെച്ചത്.

മുന്നാക്ക വികസന കോർപ്പറേഷന് 37 കോടി നീക്കിവെച്ചപ്പോൾ പിന്നാക്ക കമ്മീഷന് 16 കോടി മാത്രമാണ് നൽകുന്നത്. സാമൂഹ്യ നീതി നടപ്പാക്കുന്നതിൽ സർക്കാർ പുലർത്തുന്ന വിവേചന നിലപാട് ഇതിൽ വ്യക്തമാണ്. ഇടതു സർക്കാറിന്റെ ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായി വെൽഫെയർ പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - welfare party about kerala budget 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.