തിരുവനന്തപുരം: ഇടവപ്പാതി രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി അഭയം തേടിയത് 6218 കുടുംബങ്ങൾ. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം 167 ക്യാമ്പുകൾ തുറന്നു. 6218 കുടുംബങ്ങളിലായി 25,682 പേരാണ് ക്യാമ്പുകളിലുള്ളത്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. ആലപ്പുഴ- 67, കോഴിക്കോട് -52, കോട്ടയം-25, പത്തനംതിട്ട-ഒമ്പത്, കൊല്ലം-രണ്ട്, ഇടുക്കി-രണ്ട്, വയനാട്-ഒമ്പത്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള വനിതാശിശുവികസന വകുപ്പിെൻറ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം എത്തിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി.
തെക്ക്-പടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതിനു ശേഷം ശനിയാഴ്ചവരെ 4729 വീടുകൾ ഭാഗികമായും 225 വീടുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്-1070. കോഴിക്കോട്-833, കണ്ണൂർ-572 വീടുകൾ തകർന്നു. 5763.50 ഹെക്ടർ കൃഷിയാണ് ഇടവപ്പാതിയിൽ നിലംപരിശായത്.
ഏകദേശം 62 കോടിയുടെ കൃഷിനാശം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജൂൺ ഒന്നു മുതൽ 16 വരെ 42.09 ശതമാനം അധികമഴ ലഭിച്ചു. 317.3 മി.മീറ്റർ പ്രതീക്ഷിച്ചിടത്ത് 450.84 മി.മീറ്റർ പെയ്തിറങ്ങി. ഏറ്റവും കുടൂതൽ മഴ ലഭിച്ചത് പാലക്കാട്, വയനാട് ജില്ലകളിലാണ്. പാലക്കാട് 202 മി.മീറ്റർ പ്രതീക്ഷിച്ചിടത്ത് 448.44 മി.മീറ്ററും വയനാട് 271 മി.മീറ്റർ പ്രതീക്ഷിച്ചിടത്ത് 583.58 മി.മീറ്റർ മഴയും ലഭിച്ചു. ആലപ്പുഴ, തൃശൂർ, കാസർകോട് ജില്ലകളൊഴികെ മറ്റ് ജില്ലകളിലെല്ലാംതന്നെ പ്രതീക്ഷിച്ചതിനെക്കാളും അധികമഴ ലഭിച്ചെന്നാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുകൾ സൂചിപ്പിക്കുന്നത്. ആലപ്പുഴ ആറും തൃശൂർ രണ്ടും കാസർകോട് നാല് ശതമാനവുമാണ് മഴ കുറഞ്ഞത്.
മഴ കൂടുതൽ ലഭിച്ച ജില്ലകൾ (ശതമാനത്തിൽ): ഇടുക്കി-84.42, മലപ്പുറം-74.72, കണ്ണൂർ-41.04, എറണാകുളം 23.89, കൊല്ലം-10.85, കോട്ടയം-42.71, കോഴിക്കോട്-32.32,പത്തനംതിട്ട-6.87, തിരുവനന്തപുരം-14.81.സെപ്റ്റംബർ 31വരെ നീളുന്ന സീസണിൽ വരും ദിവസങ്ങളിലും ശക്തമായ മഴയാണ് കാലാവസ്ഥ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ശക്തമായ മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുവശവും അടുത്ത 48 മണിക്കൂർ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.