രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ പ്രദേശവാസികളില്‍ ചിലരായ അഷ്​റഫ്​ കാപ്പാടൻ, മുനിസിപ്പൽ കൗൺസിലർ പി. അബ്​ദുറഹ്​മാൻ, മുണ്ടോടൻ അസീസ്​, അഫ്​സൽ കൊറ്റങ്ങോടൻ, മുഹമ്മദ്​ റാഫി, ഉമറലി പുളിക്കൽ എന്നിവർ

നാട്ടുകാർ ഓടിയെത്തി​യപ്പോൾ കണ്ടത്​- രണ്ടായി പിളർന്ന വിമാനം, അലമുറയിടുന്ന സ്ത്രീകൾ

കരിപ്പൂർ: വലിയ ശബ്​ദം കേട്ടാണ്​ കരിപ്പൂർ വിമാനത്താവളത്തിന്​ സമീപത്തുള്ള ആളുകൾ അപകടസ്​ഥല​ത്തേക്ക്​ ഓടിയെത്തിയത്​. നടുക്കുന്ന കാഴ്​ചയാണ്​ അവർ അവിടെ കണ്ടത്​. രണ്ടായി പിളർന്ന്​ ഒരു വിമാനം. അതിൽ നിന്ന്​ ഇറങ്ങി അലമുറയിടുന്ന രണ്ടുമൂന്ന്​ സ്​ത്രീകൾ. പിന്നെ ആലോചിച്ച്​ നിൽക്കാൻ അവർക്ക്​ സമയമില്ലായിരുന്നു. കോവിഡ്​ കാലമാണ്​, കണ്ടയ്​ൻറ്​മെൻറ്​ സോണാണ്​, മഴയാണ്​ എന്നതൊന്നും അവർക്ക്​ മുന്നിൽ തടസ്സമായില്ല. അപകട സമയത്തെ സംഭവങ്ങൾ വിശദീകരിക്കു​േമ്പാൾ പലർക്കും നടുക്കം വിട്ടുമാറുന്നില്ല.

രാത്രി ഏഴേമുക്കാലിനും എട്ടിനും ഇടയിലായി രണ്ട് തവണ വലിയ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ വിമാനം വീണ സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെ താമസിക്കുന്നവര്‍ അടക്കം ആളുകള്‍ എന്താണ് സംഭവമെന്നറിയാന്‍ പുറത്തിറങ്ങി. അപകടമുണ്ടായി നിമിഷങ്ങള്‍ക്കകം നാട്ടുകാര്‍ സ്ഥലത്തെത്തി എന്ന്‌ രക്ഷാപ്രവര്‍ത്തനത്തില്‍ തുടക്കത്തില്‍ തന്നെ പങ്കാളിയായ പ്രദേശവാസിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ പി. അബ്ദുറഹ്മാന്‍ പറഞ്ഞു.

ശബ്ദം കേട്ടയുടന്‍ ഓടി എത്തിയപ്പോള്‍ റണ്‍വേ അവസാനിക്കുന്ന ഭാഗത്തെ ഗേറ്റിനകത്ത് താഴെ വിമാനം വീണു കിടക്കുന്നു. അടഞ്ഞ് കിടക്കുകയായിരുന്ന ഗേറ്റില്‍ തട്ടി ബഹളം വെച്ചതോടെ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് ഗേറ്റ് തുറക്കുകയും വിമാനത്തിനരികിലെത്തുകയുമായിരുന്നു -അപകട സ്ഥലത്ത് ആദ്യമെത്തിയവരില്‍ ചിലരായ അഷ്‌റഫ് കാപ്പാടന്‍, മുണ്ടോടന്‍ അസീസ്, അഫ്‌സല്‍ കൊറ്റങ്ങോടന്‍, മുഹമ്മദ് റാഫി, ഉമറലി പുളിക്കല്‍ തുടങ്ങിയവര്‍ വിശദീകരിച്ചു.

വിമാനം രണ്ടായി പിളർന്ന്​ കിടക്കുന്നതും രണ്ടുമൂന്ന്​ സ്​ത്രീകൾ കരയുന്നതുമാണ്​ ആദ്യം കണ്ടതെന്ന്​ മുണ്ടോടൻ അസീസ്​ പറഞ്ഞു. ഉള്ളിൽ കുട്ടികൾ അടക്കമുണ്ടെന്ന്​ പറഞ്ഞായിരുന്നു അവർ അലമുറയിട്ടിരുന്നത്​. അവരെയെല്ലാം രക്ഷപ്പെടുത്താനുള്ള ശ്രമമാണ്​ പിന്നീട്​ നടത്തിയത്​. ഇന്ധനം പടർന്നതിനാൽ തീ പിടിക്കുമോയെന്നുള്ള ആശങ്കയും ഇവർക്കുണ്ടായിരുന്നു. എന്നാൽ, മഴ പെയ്​തത്​ അനുഗ്രഹമായെന്ന്​ അഫ്​സൽ ചൂണ്ടിക്കാട്ടി.
ആദ്യം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്ന വിമാനം പിന്നീട് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് അഷ്‌റഫ് കാപ്പാടന്‍ പറഞ്ഞു.

കോവിഡ്​ സമയമാണെന്ന്​ പോലും നോക്കാതെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന്​ ഇറങ്ങുകയായിരുന്നു. കൊ​ണ്ടോട്ടി, പാലക്കപ്പറമ്പ്​, കുറുപ്പത്ത്​, മുക്കൂട്​ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്​ രക്ഷാപ്രവർത്തനത്തിന്​ ഒാടിയെത്തിയത്​. കണ്ടയൻറ്​മെൻറ്​ സോൺ ആയതിനാൽ അടച്ചിട്ട റോഡുകൾ പോലും ഉടനടി തുറന്നു. മാരുതി 800,ഓ​ട്ടോറിക്ഷ, പിക്കപ്പ്​ വാൻ തുടങ്ങിയവയിലാണ്​ ആദ്യം പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയതെന്ന്​ മുഹമ്മദ്​ റാഫി പറഞ്ഞു.

സഹചാരി ആംബുലൻസി​െൻറ ഡ്രൈവർമാരായ അസ്​ലം, സലീം എന്നിവരാണ്​ ആംബുലൻസുകൾ സംഘടിപ്പിച്ചതെന്ന്​ ഉമറലി പറഞ്ഞു. അവർ വിളിച്ചതനുസരിച്ച്​ വിവിധ ഭാഗങ്ങളിൽ നിന്നായി ആവശ്യത്തിന്​ ആംബുലൻസുകൾ സംഭവസ്​ഥലത്തേക്കും ആശുപത്രികളിലേക്കും എത്തുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.