തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് അവർ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമല്ല. പരാതിക്കാരിക്ക് അഭിനന്ദനങ്ങൾ അറിയിച്ച റിനി രാഹുൽ അധികാര സ്ഥാനത്ത് തുടരരുതെന്നും അഭിപ്രായപ്പെട്ടു. ഇത്രയധികം സൈബർ അറ്റാക്ക് നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതിൽ പെൺകുട്ടിക്ക് അഭിനന്ദനം അറിയിക്കുന്നു. ഇനിയും അതിജീവിതമാരുണ്ടെന്നും അവർ ധൈര്യപൂർവ്വം മുന്നോട്ടുവരണമെന്നും റിനി ആവശ്യപ്പെട്ടു.
കേരളത്തിന്റെ മനസാക്ഷി അതിജീവിതമാർക്കൊപ്പമാണ്. രാഷ്ട്രീയ പ്രേരിതമായി വിഷയമല്ല ഇത്. ഒന്നോ രണ്ടോ മൂന്നോ അതിജീവിതകൾ മാത്രമല്ല, ഇനിയും അതിജീവിതകളുണ്ട്, അവർ ധൈര്യപൂർവം മുന്നോട്ട് വരണം. ഇനിയും മറഞ്ഞിരിക്കരുത്. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടത്തണമെന്നും റിനി പറഞ്ഞു.
സ്ത്രീകൾ അവർ നേരിട്ട അതിക്രമം പൊതുമധ്യത്തിൽ ഉന്നയിച്ച കാര്യം മാത്രമാണ്. കുഞ്ഞുങ്ങളെ നിർബന്ധപൂർവ്വം നശിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലൂടെയാണ് അതിജീവിതമാർ കടന്നുപോയത്. രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. മൂന്നാമത്തെ പരാതി വന്നിരിക്കുന്ന സാഹചര്യം നമുക്കറിയാം. ആരോപണവിധേയനായ വ്യക്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ച വിഷയം കൂടിയാണിതെന്നും റിനി ജോർജ് പറഞ്ഞു.
അതേസമയം, ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണ്. അതിജീവിതയുടെസ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എം.എൽ.എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ട്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ ലോക്ക് അടക്കം കൈമാറാൻ വിസമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാംപിലെത്തിക്കുകയായിരുന്നു.
രാഹുൽ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിതയുടെ മൊഴിയിൽ പറയുന്നു. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നും യുവതി പൊലീസിന് മൊഴി നൽകി.
ബലാത്സംഗക്കേസിൽ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ സബ് ജയിലിലാണ് ഇപ്പോഴുള്ളത്. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയതോടെയാണ് രാഹുൽ അഴിക്കുള്ളിലായത്.
രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് പൊലീസ് കൊണ്ടുപോകുമ്പോൾ വഴിനീളെ ഡി.വൈ.എഫ്.ഐയുടെയും യുവമോർച്ചയുടെയും കടുത്ത പ്രതിഷേധമുണ്ടായി. രാജിവെച്ച് പുറത്തുപോകൂ എന്ന മുദ്രാവാക്യത്തോടെയായിരുന്നു എം.എൽ.എക്കെതിരെ പ്രതിഷേധം. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം തടയാൻ ശ്രമമുണ്ടായി. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിനുശേഷം രാഹുലിനെ വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയും കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. വൻ പൊലീസ് സന്നാഹത്തിനിടയിലും ആശുപത്രിയിലേക്ക് കയറുന്നതിനിടെ കൈയേറ്റ ശ്രമവും ഉണ്ടായി. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണം ചെയ്തു.
ഇന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംക്കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി പൊലീസിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.