പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ പേരിലെ ക്വിസ് മത്സരം: കോടികൾ മുടക്കി മൂന്നാമൂഴത്തിനുള്ള പാഴ്ശ്രമമെന്ന് വിമർശനം

കോട്ടയം: പത്ത് വർഷത്തെ ജനവിരുദ്ധ ഭരണത്തിനുശേഷം പടിയിറങ്ങാൻ സമയമായപ്പോൾ പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കി മൂന്നാമൂഴത്തിനുള്ള സർക്കാറിന്റെ പാഴ്ശ്രമമാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് എന്ന് ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന കമ്മിറ്റി. വിദ്യാർഥികളുടെ ഒരു ദിവസത്തെ അധ്യയനം തടസ്സപ്പെടുത്തിയും സർവകലാശാല മൂല്യനിർണയ ക്യാമ്പുകൾ നിർത്തിവെച്ചും സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് പച്ചയായ അധികാര ദുർവിനിയോഗമാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ.എസ്. ജയകുമാർ എന്നിവർ ആരോപിച്ചു.

ഇൻഫർമേഷൻ ടെക്നോളജി യുഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കുതിപ്പ് തുടരുമ്പോൾ, വിദ്യാർഥികളുടെ പൊതുവിജ്ഞാനമോ ശാസ്ത്രബോധമോ ഭാഷ പരിജ്ഞാനമോ അല്ല മെഗാ ക്വിസ് പരമ്പരയിൽ പരീക്ഷിക്കപ്പെടുന്നത്. പകരം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്തുതിപാഠകരുടെയും കുറെയേറെ ലേഖനങ്ങളെ ആസ്പദമാക്കിയാണ് മെഗാ ക്വിസ് മത്സരം നടത്താൻ പോകുന്നതെന്ന കാര്യം അപഹാസ്യമാണെന്നും നേതാക്കൾ പറഞ്ഞു.

കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ ജനുവരി 12 മുതൽ ആരംഭിക്കും. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും കോളജ് വിദ്യാർഥികൾക്കും വെവ്വേറെയായാണ് മത്സരം. സ്കൂൾ, കോളജ് തലങ്ങളിൽ തുടങ്ങി സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ വരെ നീളുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

വിജയികൾക്ക് അഞ്ചുലക്ഷം രൂപവരെയാണ് സമ്മാനം. സ്‌കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനം ലഭിക്കും. കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ സ്‌കൂളുകളും കോളജുകളും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന എസ്.എം.എസ് മുഖേന യൂസര്‍നെയിമും പാസ് വേഡും സെറ്റ് ചെയ്യണം. തുടര്‍ന്ന് www.cmmegaquiz.kerala.gov.in ല്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ പരിശോധിക്കണം. മത്സരം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുൻപ് (ജനുവരി 12-ന് രാവിലെ 10.30 ന്) ഐഡിയിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ക്വസ്റ്റ്യൻ പേപ്പർ ഡൗൺലോഡ് ചെയ്യണം. രാവിലെ 11 മണിയോടെ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.

മത്സരം പൂർണമായും എഴുത്തുപരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മത്സരം നടത്തി കോളേജ്തല വിജയികളെ കണ്ടെത്തണം. പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും, ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളും നൽകും.

Tags:    
News Summary - Criticism against Quiz competition in the name of the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.