ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും. എ.കെ ഷാനിബ്

ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിട്ടും രാഹുലിനെ മാറ്റി നിർത്താൻ ഷാഫി പറമ്പിൽ തയ്യാറായില്ല; എല്ലാവരെയും അവഗണിച്ച് അയാളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കി -ആരോപണവുമായി എ.കെ ഷാനിബ്

പാലക്കാട്: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതിനു പിന്നാലെ ഷാഫി പറമ്പിൽ എം.പിക്കെതിരെ വിമർശനവുമായി മുൻ യൂത്ത് കോൺഗ്രസ് നേതാവും, നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എ.കെ ഷാനിബ് രംഗത്ത്. ഉമ്മൻചാണ്ടിയുടെ മുന്നറിയിപ്പും തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത്കോൺഗ്രസ് സംസ്ഥാന ഭാരവാഹിയാക്കാൻ ഷാഫി പറമ്പിൽ രംഗത്തിറങ്ങിയതെന്ന് ഷാനിബ് ഫേസ്ബുക് കുറിപ്പിലൂടെ ആരോപിച്ചു.

കോൺഗ്രസുകാരായ നിരവധി വനിതാ പ്രവർത്തകർ രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, അയാളെ നേരിട്ട് യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി ആക്കാനും, ചാനലുകളിൽ വിളിച്ച് ചർച്ചക്ക് വിളിപ്പിക്കാനും, പിന്നീട് ഉമ്മൻ ചാണ്ടിയെ അവഗണിച്ച്

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എം.എൽ.എ ആക്കാനും ഒക്കെ മുന്നിൽ നിന്നത് വടകര എം.പി ഷാഫിയാണെന്നും എ.കെ ഷാനിബ് വ്യക്തമാക്കി. സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫിയെന്നും ഷാനിബ് എഫ്.ബിയിൽ കുറിച്ചു.

രാഹുലിനെതിരെ ആരോപണമുയർന്നതിനു പിന്നാലെ നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നു. ആരോപണങ്ങൾ പലതും ഉയർന്നിട്ടും ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല -ഷാനിബ് കുറിച്ചു.

ഷാഫിയുടെ പിൻഗാമിയായി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുലിനെ സ്ഥാനാർഥിയാക്കിയതിനു പിന്നാലെ, കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നയാളാണ് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ എ.കെ ഷാനിബ്.

എ.കെ ഷാനിബിന്റെ ഫേസ് ബുക് കുറിപ്പിന്റെ പൂർണരൂപം..

യൂത്ത് കോൺഗ്രസിൽ ഭാരവാഹി ആയിരുന്ന സമയത്ത് ഞാൻ ഉൾപ്പെടെ കൂടെ ഉള്ള എല്ലാവരും തെരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികൾ ആയത്.

എന്നാൽ ഇന്ന് നിരവധി ബലാത്സംഗ കേസിൽ പ്രതിയായ ഇയാൾ ഷാഫി പറമ്പിലിന്റെ പിന്തുണയോടെ നേരിട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആവുകയായിരുന്നു.

അന്നു മുതൽ ആ അധാർമികവും നീതി രഹിതവുമായ ഇടപെടലിന് എതിരെ ഞങ്ങൾ ശബ്ദമുയർത്തിയിരുന്നു.

പിന്നീട് ഇങ്ങോട്ട് സഹപ്രവർത്തകരായ നിരവധി സ്ത്രീകളെ ഇയാൾ ദുരുപയോഗം ചെയ്യുന്നതിന്റെ വിവരങ്ങൾ അറിഞ്ഞിട്ടും ഷാഫി അതിനോട് നിഷേധാത്മകമായിട്ടാണ് പ്രതികരിച്ചത്.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചർച്ച ഉയർന്നു വന്ന സമയം സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ ഇയാളെ മാറ്റി നിർത്തണം എന്ന് നിർദേശിച്ചിരുന്നു.

എന്നാൽ ഉമ്മൻചാണ്ടിയുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന പ്രതികരണം ആണ് ഷാഫി നടത്തിയത്.

സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി.

കോൺഗ്രസുകാരായ ഷഹനാസും, താര ടോജോ അലക്സും സജ്നയും ഒക്കെ ഈ വിഷയത്തിൽ പറയാൻ പറ്റുന്ന ഭാഷയിൽ അയാളെ കുറിച്ച് പറഞ്ഞിട്ടും നേരിട്ട് യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി ആക്കാനും, ചാനലുകളിൽ വിളിച്ച് ചർച്ചക്ക് വിളിപ്പിക്കാനും, പിന്നീട് ഉമ്മൻ ചാണ്ടിയെ അവഗണിച്ച്

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എം.എൽ.എ ആക്കാനും ഒക്കെ മുന്നിൽ നിന്നത് വടകര എം.പി ഷാഫിയാണ്.

ചാനൽ ഇന്റർവ്യുവിൽ എല്ലാം അയാളെ പെണ്ണു കെട്ടിക്കണം എന്നാലെ ശരിയാവൂ എന്ന് വഷളൻ ചിരിയിൽ പറയുന്നതും കേരളം കേട്ടിട്ടുണ്ട്.

ഒരു പെൺകുട്ടി ഇവന്റെ വലയിൽ പെട്ട് വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ച് ആ കാര്യത്തെ കുറിച്ച് ഷാഫിയോട് ചോദിച്ചപ്പോൾ വേറുതെ അബദ്ധത്തിൽ പോയി ചാടണ്ട എന്നും ഉപദേശിച്ചത്രേ.

നിരവധി പെൺകുട്ടികളെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നതാണ് അറിയാൻ കഴിയുന്നത്.

അതിൽ തന്നെ കൂടുതൽ കേസും ബലപ്രയോഗത്തിലൂടെ ആയിരുന്നു. പെൺകുട്ടികളുടെ മേലെ ചാടി വീണ് അവരെ ബലാൽസംഗം ചെയ്ത് അവരുടെ കഴുത്ത് പിടിച്ച് ശ്വാസം മുട്ടിക്കുക മുഖത്ത് അടിക്കുക മുഖത്തേക്ക് കാർക്കിച്ച് തുപ്പുക ഇതോക്കെയാണ് അയാളുടെ രീതി.

എല്ലാം അറിയുന്ന ഒരാൾ ആണ് ഷാഫി. ഇനി ഒന്നും അറിഞ്ഞിരുന്നില്ല എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെയും എല്ലാം പുറത്ത് വന്നതിന് ശേഷം എന്തായിരുന്നു നിലപാട് ?

കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങി പ്രതിയുടെ ധാർമികതയെ കുറിച്ചുള്ള പ്രസംഗം അല്ലേ നടത്തിയത്?. അയാൾ സ്വയം ധാർമികത ഉയർത്തിപ്പിടിച്ച്

രാജി വച്ചു എന്ന് പറഞ്ഞ് ന്യായീകരിക്കാൻ അല്ലേ ശ്രമിച്ചത് ?. വി.ഡി സതീശൻ ആദ്യം എല്ലാ പിന്തുണയും കൊടുത്തെങ്കിലും നിരവധി കോൺഗ്രസ് നേതാക്കളുടെ കാര്യങ്ങൾ അറിഞ്ഞതിന് ശേഷം സതീശനും പൂർണമായി കൈ വിട്ടു.

സ്വന്തം അസ്ഥിയിൽ തൊട്ടപ്പോ വി.ഡി സതീശന് വേദനിച്ചു.

അപ്പോഴെങ്കിലും നിലപാട് മാറ്റി എന്നത് നല്ല കാര്യം. എന്നാൽ, ആദ്യത്തെ പരാതിയിൽ തന്നെ ഇടപെട്ടിരുന്നു എങ്കിൽ അഞ്ചോ ആറോ പെൺകുട്ടികൾ എങ്കിലും രക്ഷപ്പെട്ട് പോയേനെ.

ഷാഫി അപ്പോഴും കെ.സി യെ കൂട്ട് പിടിച്ച് സതീശന് എതിരെ ഉള്ള നീക്കത്തിന് ഇറങ്ങുകയായിരുന്നു.

എല്ലാം പുറത്ത് വന്നതിന് ശേഷവും ആ ക്രിമിനലിന് വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നയാളാണ് ഷാഫി പറമ്പിൽ.

പാലക്കാട് വീടുകളുടെ തറക്കല്ലിടൽ ഷോയിൽ വന്ന നടികളിൽ ഒരാൾ എനിക്ക് ഷാഫി ചേട്ടനോട് പ്രണയം തോന്നിയിട്ടുണ്ട് എന്ന് പരസ്യമായി

പറഞ്ഞിട്ടുള്ളയാളാണ്.

ഷാഫി ചേട്ടൻ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല.

അതും ഇത്രയും വിവാദങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കാലമാണ് എന്ന് കൂടി ഓർക്കണം.

പാലക്കാട്ടെ ഒരു കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാഫിയുടെ നിർദ്ദേശം ഇല്ലാതെ ആ പരിപാടിയിൽ പങ്കെടുക്കുകയും ഇല്ല.

ബലാൽസംഗ കേസും ശബരിമല കേസും കൂട്ടി കുഴക്കാൻ ഏറ്റവും അധികം ശ്രമിച്ചയാളാണ് ഷാഫി.

ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല.

നിരവധി പെൺകുട്ടികൾ ഇപ്പോഴും ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാണ് ഒന്ന് ഉറങ്ങുന്നത് പോലും.

ഈ ഒരൊറ്റ ക്രിമിനൽ കാരണം ഇപ്പോഴും മനോരോഗ വിദഗ്ധന്റെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളേറെയാണ്.

അച്ഛനും അമ്മയും അറിഞ്ഞാൽ അവർക്കിതൊന്നും താങ്ങാൻ കഴിയില്ല നെഞ്ച് തകർന്നു മരിച്ച് പോകും എന്ന് നിലവിളിക്കുന്ന പെൺകുട്ടികൾ ഉണ്ട്.

അമ്മമാരോട് ആണ്, ഈ ക്രിമിനലുമായി ഏതെങ്കിലും വിധം ഇടപെടാൻ സാധ്യത ഉള്ള പെൺകുട്ടികളുടെ അമ്മമാരോട് മക്കളെ അടുത്തിരുത്തി ചോദിക്കണം.

എന്തെങ്കിലും സംഭവിച്ചാൽ തന്നെ അത് അവരുടെ കുറ്റമല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.

കൂടെ നിൽക്കും എന്ന് ഉറപ്പ് കൊടുക്കണം. കൂടെ നിൽക്കണം. സമാനമല്ലെങ്കിലും കേരളത്തില ഒരു നടിക്ക് ഇത് പോലെ അതിക്രമം നേരിട്ടിട്ട് അവർ തല ഉയർത്തിപിടിച്ച് ജീവിക്കുന്നില്ലേ.

എന്ന് അവർക്ക് ധൈര്യം കൊടുക്കണം. പേപ്പട്ടി കടിച്ചതിന് കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ.

കൂടെ നിൽക്കണം, അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരേ കൂടെ നിൽക്കണം.


Full View

Tags:    
News Summary - AK Shanib makes allegations against Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.