തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം. വിദേശത്ത് താമസിക്കുന്ന യുവതി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേൾക്കുകയും ഇത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയുമായിരുന്നു. രാഹുൽ പുറത്തുനിൽക്കുന്നത് തന്‍റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. യുവതി വിദേശത്തുനിന്ന് എത്തിയ ശേഷം 164 പ്രകാരം മൊഴി രേഖപ്പെടുത്തിയാൽ മതിയെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രി അറസ്റ്റിന് നിർദേശം നൽകുകയായിരുന്നു.
കഴിഞ്ഞ കേസുകളിലെ പോലെ രാഹുൽ മുങ്ങുന്നത് തടയാൻ അതീവ രഹസ്യമായാണ് പൊലീസ് നീക്കങ്ങൾ നടത്തിയത്. അറസ്റ്റ് വിവരം പുറത്താകാതിരിക്കാൻ രാഹുലിനെതിരായ ബലാത്സംഗ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ടീമിനെ പൂർണമായി ഒഴിവാക്കി. ഓപ്പറേഷനിൽ എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് സംഘം പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഇന്ന് പുലർച്ചെ 12.30ഓടെ എത്തിയത്. പൊലീസുകാർ ഹോട്ടൽ മുറിയിലെത്തുംവരെ താൻ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുൽ അറിഞ്ഞിരുന്നില്ല.
ശേഷം രാഹുലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിച്ചില്ല. എല്ലാം അഭിഭാഷകൻ പറയുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനായിരുന്നു ശ്രമം. പൊലിസ് പിടിച്ചെടുത്ത മൊബൈൽ ഫോണിന്‍റെ ലോക്ക് നീക്കാനും തയാറായില്ല. തെളിവുകൾ നിരത്തിയപ്പോൾ അതിജീവിതയുമായുള്ള ബന്ധം സമ്മതിച്ച രാഹുൽ മുൻ പരാതികളിലെന്ന പോലെ ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്നും വാദിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ബന്ധുക്കളെ കാണാൻ അനുവദിച്ചു. 11.30 ഓടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. സാധാരണ പരിശോധനക്കൊപ്പം ലൈംഗിക ശേഷി പരിശോധനയും നടത്തി. ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളും ശേഖരിച്ച ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാമത്തെ പരാതി ലഭിച്ചത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച രാഹുൽ പരാതിക്കാരിയെ ആഡംബര ഹോട്ടലിൽ വെച്ച് അതിക്രൂര ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 2024 ഏപ്രിൽ 24നാണ് സംഭവം. ഗർഭിണിയായപ്പോൾ കുഞ്ഞ് തന്‍റേതല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയും ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടപ്പോൾ വിസമ്മതിക്കുകയും പുറത്തുപറഞ്ഞാൽ ബന്ധുക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല പാലക്കാട് ഫ്ളാറ്റ് വാങ്ങി ഒന്നിച്ച് ജീവിക്കാമെന്നും മറ്റും പറഞ്ഞ് സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.