സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധിച്ച കോഴിക്കോട്-കൊെല്ലഗല് 766 ദേശീയപാതയില്‍ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുൽ ഗാന്ധി. രാവിലെ ഒമ്പത് മണിയോടെ വിനായക ആശുപത്രിയിൽ കഴിയുന്ന സമരസമിതി നേതാക്കളെ സന്ദർശിച്ച ശേഷമാണ് രാഹുൽ സമര പന്തലിലെത്തിയത്. നിരാഹാര സമരത്തിലുള്ള യുവനേതാക്കളെ ഐക്യദാര്‍ഢ്യം അറിയിച്ച രാഹുൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
നഗരസഭ ഡിവിഷന് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം സെക്രട്ടറിയുമായ റിനു ജോണ്‍, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് എം.എസ്. ഫെബിന്, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍, യുവമോര്‍ച്ച ജില്ല പ്രസിഡൻറ് പ്രശാന്ത് മലവയൽ, വ്യാപാരി വ്യാവസായി യൂത്ത് വിങ് ബത്തേരി യൂനിറ്റ് പ്രസിഡൻറ് ഷംസാദ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നിരാഹാരം ഇരിക്കുന്നവരുടെ ആരോഗ്യനില വഷളായിട്ടുണ്ട്.
പത്താണ്ട് മുമ്പ് രാത്രിയാത്ര നിരോധിച്ച കോഴിക്കോട്-കൊെല്ലഗല് 766 ദേശീയപാതയില്‍ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ എന്‍.എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 10ാം ദിനത്തിലേക്ക് കടന്നു. രാത്രിയാത്ര നിരോധനം പിന്‍വലിക്കുക, പാത പൂര്‍ണമായി അടച്ചിടാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിവിധ യുവജന സംഘടനകള്‍ ചേര്‍ന്ന് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നിരാഹാര സമരം നടത്തുന്നത്. രണ്ടു ലക്ഷത്തോളം ആളുകൾ ഇതിനകം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.
വയനാട് ജില്ല ഇതുവരെ കാണാത്ത വലിയ ജനകീയ പ്രക്ഷോഭമായി ദേശീയപാത സമരം മാറി. സമരത്തിനുള്ള പിന്തുണ ദിവസേന കൂടുതൽ ശക്തിപ്പെടുകയാണ്. ഐക്യദാര്‍ഢ്യ പ്രകടനങ്ങളുമായി ടൗണിലേക്ക് ജനം പ്രവഹിക്കുകയാണ്. കുട്ടികളും വിദ്യാര്‍ഥികളും യുവജനങ്ങളും സ്ത്രീകളും വയോജനങ്ങളും അണിനിരന്ന പ്രകടനങ്ങൾ സമരചരിത്രത്തില്‍ ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞു. ആളുകളുടെ പങ്കാളിത്തം കൊണ്ട് സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തല്‍ നിറഞ്ഞ് ദേശീയപാതയിലേക്ക് വ്യാപിക്കുന്നത് പലപ്പോഴും ഗാതഗതതടസ്സത്തിന് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.