കള്ളാടി ദുരന്തത്തിന് കാരണം അതിതീവ്ര മഴ: വിശദീകരണവുമായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ

കൽപറ്റ: കള്ളാടി ദുരന്തത്തിൽ വിശദീകരണവുമായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ. ദുരന്തത്തിന് കാരണമായത് അതിതീവ്ര മഴയാണെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ അവകാശപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ 240 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. തുരങ്കപാത നിർമിക്കുന്ന ഭാഗത്തുനിന്നും 240 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായതെന്നും മണ്ണ് നിക്ഷേപിച്ചിരുന്ന പ്രദേശം ഇപ്പോഴും സുരക്ഷിതമാണെന്നും കമ്പനി അധികൃതർ വിശദീകരിച്ചു.

കള്ളാടി മണ്ണിടിച്ചിലുണ്ടായ മേഖലയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. ചന്ദ്ര ബാൻ (ഓപ്പറേറ്റർ)-മദ്ധ്യപ്രദേശ്, ബികാഷ് കുമാർ (സിവിൽ ഫോർമാൻ)-ബീഹാർ, അൻമോൽ (തൊഴിലാളി)-ജാർഖണ്ഡ്, രാഹുൽ (എൻജിനീയർ)-ഹിമാചൽ പ്രദേശ്, മുഹമ്മദ് ഇമ്രാൻ (എക്സ്കവേറ്റർ‍ ഓപ്പറേറ്റർ)-ബീഹാർ, അസ്ഹറുദ്ദീൻ അൻസാരി (സർവേയർ)-ഉത്തർപ്രദേശ്, രാകേഷ് ഗുച്ചൈത് (സ‍ർവേയർ)-പശ്ചിമബംഗാൾ, എന്നിവരാണ് മരിച്ചത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള കൺസ്ട്രക്ഷൻ മാനേജറായ വിക്രം റാണയെ കണ്ടെത്താനുണ്ട്.

ജൂലൈ ഏഴിനാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കരാർ കമ്പനിയെ കുറിച്ച് സർക്കാർ ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് മെയ് 26നും ജൂൺ നാലിനും ദുരന്ത നിവാരണ അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. അവശിഷ്ടങ്ങൾ ജനങ്ങൾക്ക് ഭീഷണിയാകരുതെന്ന് കമ്പനിയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ആവശ്യമെങ്കിൽ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിർദേശിച്ചിരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പ്രദേശത്ത് എൻ.ഡി.ആർ.എഫിന്റെയും അഗ്നിരക്ഷ സേനയുടെയും 30 അംഗ സംഘം പുഴയിൽ തിരച്ചിൽ ആരംഭിച്ചതായും മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അപകട സ്ഥലത്തുനിന്ന് നീക്കുന്ന മണ്ണ് റോഡിന് ഇരുവശത്തും തള്ളരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അനിൽകുമാർ അറിയിച്ചു. ഇന്ന് നീക്കം ചെയ്യുന്ന മണ്ണ് ചൂരൽമല ഭാഗത്തേക്ക് കൊണ്ടുപോവും. കഴിഞ്ഞ ദിവസങ്ങളിൽ റോഡ് വശങ്ങളിൽ തള്ളിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, അപകട സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ ഇതുവരെ കൊങ്കൺ റെയിൽവേ തയാറായിട്ടില്ല. മണ്ണ് നീക്കുന്നത് അപകടത്തിനിടയാക്കും എന്നാണ് കമ്പനിയുടെ വിശദീകരണം. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെ അഭിപ്രായം തേടിയ ശേഷം ഇതിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.പി അനിൽകുമാർ അറിയിച്ചു. നിലവിൽ നാലു സോണുകളിലായാണ് തിരച്ചിൽ നടത്തുന്നത്.

Tags:    
News Summary - The reason for the Kalladi disaster was extreme rain: Konkan Railway Corporation explains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.