കശുവണ്ടി ക്രമക്കേട്: വ്യവസായ സെക്രട്ടറിയുടെ മാപ്പപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കോടതിയലക്ഷ്യ നടപടി നേരിടുന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു മാപ്പപേക്ഷിച്ച് നൽകിയ സത്യവാങ്മൂലം ഹൈകോടതി തള്ളി. പ്രോസിക്യൂഷൻ അനുമതി നൽകി ആദ്യം പുറപ്പടുവിച്ച ഉത്തരവിൽ ഹൈകോടതിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളുടെ പേരിലായിരുന്നു നിരുപാധിക മാപ്പപേക്ഷ.

എന്നാൽ, വെറും മാപ്പപേക്ഷയിൽ മാത്രം ഒതുങ്ങുന്ന സത്യവാങ്മൂലം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. പ്രോസിക്യൂഷൻ രേഖകളടക്കം പരിശോധിച്ച് മനസ്സർപ്പിച്ചാണ് പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്ന രണ്ടാം ഉത്തരവിലെ പരാമർശമടക്കം ചേർത്ത് വീണ്ടും സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി, കോടതിയലക്ഷ്യ ഹരജിയിൽ ജൂലൈ 15ന് ഉത്തരവിടുമെന്നും വ്യക്തമാക്കി.

ആദ്യ ഉത്തരവിലെ പരാമർശങ്ങളിൻമേലുള്ള വിമർശനം വെള്ളിയാഴ്ച കോടതിയിൽ നേരിട്ട് ഹാരായ കെ. ബിജുവിന്‍റെ സാന്നിധ്യത്തിലും കോടതി ആവർത്തിച്ചു. പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ കോടതി നിർബന്ധിക്കുകയായിരുന്നു എന്നതടക്കം ജൂലൈ രണ്ടിലെ ഉത്തരവിലെ പരാമർശങ്ങൾ കോടതിയലക്ഷ്യമാണെന്ന് അഡ്വക്കറ്റ് ജനറൽതന്നെ അഭിപ്രായപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും കോടതിയിൽ ഹാജരായിരുന്നു. കോടതിയെ കുറ്റപ്പെടുത്തി ഉത്തരവിടാൻ നിർദേശിച്ചത് താങ്കളാണോയെന്ന് അദ്ദേഹത്തോട് കോടതി ചോദിച്ചു. നിങ്ങൾ വളരെ ശ്രദ്ധിക്കണമെന്ന് കെ. ബിജുവിനോടും പറഞ്ഞു.

രാഷ്ടീയക്കാർ പറയുന്നതുപോലെ പ്രവർത്തിക്കാതെ സ്വതന്ത്രമായി തീരുമാനമെടുക്കണം. വിയോജിപ്പുണ്ടെങ്കിൽ രേഖപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ട്. ജനങ്ങളെ സേവിക്കാനാണ് ഐ.എ.എസ് പദവി. അതല്ലാതെ തെറ്റായ പ്രവൃത്തിക്ക് സർക്കാറിനെ സേവിക്കാനല്ല. അതിനാൽ, ഒരു ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങാതെ വേണം ഉത്തരവിടാൻ-കോടതി പറഞ്ഞു.

Tags:    
News Summary - Cashew nut scam: High Court rejects Industries Secretary's apology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.