പത്തനംതിട്ട: പരിസ്ഥിതി നാശത്തിന്‍റെ പേരിൽ ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയും പത്തു വര്‍ഷം മുമ്പ് സുപ്രീംകോടതി അനുമതി നിഷേധിക്കുകയും ചെയ്ത ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവ ചർച്ചയിലേക്ക്. പദ്ധതിക്ക് ലക്ഷ്യമിട്ട ആറന്മുള പുഞ്ചയിൽ ഡ്രോണ്‍ സര്‍വേ നടന്നു. ഭൂവുടമയും മൗണ്ട് സിയോൺ ഗ്രൂപ് ചെയര്‍മാനുമായ എബ്രഹാം കലമണ്ണിലിന്റെ ആവശ്യപ്രകാരം ഡൽഹി ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് സർവേ നടത്തിയത്.
യു.ഡി.എഫ് സർക്കാറിന്‍റെ ഭാഗത്തുനിന്ന് പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്ന സൂചനയാണ് നീക്കത്തിന് പിന്നിൽ. രണ്ടാംഘട്ട ഡ്രോണ്‍ സര്‍വേക്കായി കമ്പനി വീണ്ടുമെത്തുമെന്ന് ഏബ്രഹാം പറഞ്ഞു. സ്ഥലം എം.എൽ.എ അബിൻ വർക്കിയും ആന്‍റോ ആന്‍റണി എം.പിയും പദ്ധതിയെ പിന്തുണക്കുന്നതായും അവകാശപ്പെട്ടു. വിമാനത്താവളത്തിന് എതിരെ സമര രംഗത്തുണ്ടായിരുന്ന പലരും പദ്ധതിയെ രഹസ്യമായി അനുകൂലിക്കുന്നുണ്ടെന്ന് പറഞ്ഞ കലമണ്ണിൽ, തന്റെ കൈവശം 400 ഏക്കറുണ്ടെന്നും 1000 ഏക്കര്‍ കൂടി ലഭിച്ചാല്‍ പദ്ധതിയുടെ പ്രാരംഭ നടപടി തുടങ്ങാമെന്നും വ്യക്തമാക്കി. പൈതൃക ഗ്രാമമായ ആറന്മുളയിലെ 1500ൽപരം ഏക്കറിലെ മലനിരകള്‍ ഇടിച്ചുനിരത്തി വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ 2004ലാണ് കേരള കോൺഗ്രസുകാരനായ എബ്രഹാം കലമണ്ണില്‍ ശ്രമമാരംഭിച്ചത്.
മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളജിലെ എയ്‌റോനോട്ടിക്‌സ് കോഴ്‌സിനായി എയര്‍സ്ട്രിപ് നിര്‍മിക്കാനെന്ന് പറഞ്ഞാണ് ഇദ്ദേഹം 232 ഏക്കര്‍ കുറഞ്ഞ വിലക്ക് വാങ്ങിയത്. ഇതില്‍ 50 ഏക്കറുള്ള കരിമാരംകുന്ന് ഇടിച്ചുനിരത്തി. പിന്നീട് ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനവും രൂപവത്കരിച്ചു. അച്യുതാനന്ദന്‍ സര്‍ക്കാറില്‍നിന്ന് വിമാനത്താവളത്തിന് അനുമതി നേടിയിരുന്നു. പദ്ധതി നടത്തിപ്പിന് ചെന്നൈ ആസ്ഥാനമായ കെ.ജി.എസ് കമ്പനിക്കു ഭൂമി കൈമാറി. കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ എന്‍വിറോ കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തെക്കൊണ്ട് പരിസ്ഥിതി റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്രാംഗീകാരത്തിനും സമര്‍പ്പിച്ചു.
2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നതോടെ വിമാനത്താവള നിര്‍മാണത്തിനു മുന്നോടിയായി ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ലേജുകളെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയുമൊക്കെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭമാരംഭിച്ചു. രണ്ടര വര്‍ഷം നീണ്ട ബഹുജന സമരത്തിനൊടുവില്‍ 2014 മേയ് 28ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതി റദ്ദാക്കി. പിന്നീടിത് സുപ്രീംകോടതിയും ശരിവെച്ചതോടെയാണ് വിമാനത്താവള പദ്ധതി നിര്‍ത്തിവെച്ചത്. തുടർന്ന് എരുമേലിയിൽ വിമാനത്താവളത്തിനുള്ള നടപടി മുന്നോട്ടുനീങ്ങി. അവിടെയും ഭൂമി സംബന്ധിച്ച് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതോടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സ്ഥലമെന്ന നിലയിൽ കൊടുമൺ പ്ലാന്‍റേഷൻ ഭാഗത്ത് വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമായതിനിടെയാണ് ആറന്മുളക്കായി കലമണ്ണിലിന്‍റെ നേതൃത്വത്തിൽ വീണ്ടും നീക്കം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.