ദേവാൻഷ് ശൗര്യ
അനസ്തേഷ്യയെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ ബേബി മെമോറിയല്‍ ആശുപത്രിയിൽ അനസ്തേഷ്യയെ തുടർന്ന് അബോധാവസ്ഥയിലായി, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു. എരമം നടുവിലെകുനിയിലെ ടി. സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.
ജൂലൈ അഞ്ചിന് രാവിലെ 9.40നായിരുന്നു ഒരുവയസും അഞ്ചുമാസവും പ്രായമുള്ള ദേവാന്‍ഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റത്. ബേബി മെമോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്ന് പറഞ്ഞ് ഇതിനായി അനസ്തേഷ്യ നല്‍കിയത്രെ. തുടർന്ന് കുട്ടി അബോധാവസ്ഥയിലായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന ദേവാൻഷ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കുട്ടി അബോധാവസ്ഥയിലാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ. രാജീവന്‍ നല്‍കിയ പരാതിയിൽ അനസ്തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം.
എന്നാൽ, കുട്ടി അബോധാവസ്ഥയിലാകാൻ കാരണം ചികിത്സാപിഴവാണെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.